കള്ളവോട്ടിന്റെ സി പി എം വിപ്ലവം; സിപിഎം പല സ്ഥലത്തും ജയിക്കുന്നത് കള്ളവോട്ടിന്റെ ശക്തികൊണ്ടാണെന്ന് ആരോപണം

സിപിഎം പല സ്ഥലത്തും ജയിക്കുന്നത് കള്ളവോട്ടിന്റെ ശക്തികൊണ്ടാണെന്ന് ആരോപണം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ മരിച്ചവര്‍ പോലും വോട്ടുചെയ്യുന്നു എന്ന ചർച്ച സജീവം.1980 ല്‍ കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഒരു ബൂത്തിലെ എല്ലാവരും വോട്ടുചെയ്തിരുന്നു. അവിടുത്തെ വോട്ടര്‍ പട്ടികയില്‍ മരണപ്പെട്ട 13 ആളുകളുടെ പേരുണ്ടായിരുന്നു. എന്നാൽ അവരുടെ പേരിലും വോട്ട് വീണിരുന്നു. പഞ്ചായത്തില്‍ പല സ്ഥലത്തും പത്രിക കൊടുക്കാന്‍ പോലും എതിര്‍പാര്‍ട്ടിക്കാരെ അനുവദിക്കില്ല. അഥവാ പത്രിക നല്‍കിയാല്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കും. മലപ്പട്ടം പഞ്ചായത്തില്‍ മുഴുവന്‍ അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയാണ്.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റുപാര്‍ട്ടിക്കാരുടെ ഏജന്റന്മാരെ ശബ്ദിക്കാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ സഖാക്കള്‍ അല്ലെങ്കില്‍ വരുതിയില്‍ നില്‍ക്കുന്നവര്‍. കണ്ണൂര്‍ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്തുവെന്നാണ് ആരോപണം. ആദ്യം വോട്ടു ചെയ്ത ശേഷം വിരലില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ചു മായ്ക്കാന്‍ ശ്രമിക്കുന്നതും ഈ സമയം പോളിങ് ബൂത്തിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. 17-ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡംഗം എം.പി. സലീന 19-ാം ബൂത്തില്‍ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂര്‍ 48-ാം ബൂത്തിലും പയ്യന്നൂര്‍ 136-ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതിന്റെ തെളിവുകളും പുറത്തുവന്നു. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ബൂത്തുകളില്‍ കയറിനിന്നതായി ആരോപണമുണ്ട്.
https://www.facebook.com/Malayalivartha



























