ഞെട്ടിത്തരിച്ച് സിപിഎം... എല്ലാ പ്രവചനങ്ങളോയും മാറ്റി മറിച്ച അടൂര്‍ പ്രകാശ് ആറ്റിങ്ങലിന്റെ ഹൃദയമാകുന്നു; എംഎല്‍എയില്‍ നിന്നും എംപിയിലേക്കുള്ള കുതിപ്പ് ഇങ്ങനെ...

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് സിപിഎമ്മിന്റെ കരുത്തനായ എ. സമ്പത്തിനെ തോല്‍പ്പിച്ച് ഒന്നാമതെത്തിയത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് സിറ്റിംഗ് എംപി സമ്പത്തിന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. അതിന് ശേഷം ഉള്ള ആദ്യ മണിക്കൂറിലെല്ലാം ലീഡ് നിലനിര്‍ത്തുന്നത് അടൂര്‍ പ്രകാശാണ്.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ഇരട്ട വോട്ട് അടക്കമുള്ള ആരോപണങ്ങളുമെല്ലാം യുഡിഎഫ് ഉന്നയിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. ബിജപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തുടക്കം മുതല്‍ മൂന്നാം സ്ഥാനത്തായിരുന്നു.
അനുയായികള്‍ക്ക് ആവേശം പകരുന്ന വ്യക്തി പ്രഭാവമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവെന്നതും രണ്ടു തവണ മന്ത്രിയായിരുന്നപ്പോഴും മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രാഗത്ഭ്യം അസന്നിഗ്ധമായി തെളിയിച്ച വ്യക്തി എന്നതുമാണ് അടൂര്‍ പ്രകാശിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയനാക്കുന്നത്.
സംസ്ഥാനത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് തല ചായ്ക്കാനൊരിടം എന്ന ലക്ഷ്യത്തോടെ 'സീറോ ലാന്റ് ലെസ്സ് പ്രോജക്ട്' എന്ന മഹത്തായ സംരംഭം അദ്ദേഹം റവന്യൂ മന്ത്രിസ്ഥാനം വഹിക്കുമ്പോള്‍ നടപ്പിലാക്കിയതാണ്. 2012 ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ദശലക്ഷക്കണക്കിനാളുകളുടെ സ്വന്തമായൊരു ഭവനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണുണ്ടായത്.
കൂടുതല്‍ കാര്യക്ഷമതയോടെ പൊതുജനസേവനം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ നടപ്പാക്കുക എന്നതും അടൂര്‍ പ്രകാശിന്റെ ആശയങ്ങളിലൊന്നായിരുന്നു. ഇതിന് ഉത്തമോദാഹരണം വില്ലേജാഫീസുകളില്‍ ഓണ്‍ലൈനായി പോക്കുവരവു ചെയ്യുവാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയതാണ്.
2004ല്‍ ശ്രീ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അടൂര്‍ പ്രകാശ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍ ഭക്ഷ്യപൊതുവിതരണ സമ്പ്രദായത്തില്‍ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
1955 ല്‍ അടൂരില്‍ എന്‍. കുഞ്ഞുരാമന്റെയും ശ്രീമതി വി.എം.വിലാസിനിയുടെയും മകനായി അടൂര്‍ പ്രകാശ് ജനിച്ചു. ആര്‍ട്‌സിലും നിയമത്തിലും അദ്ദേഹം ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതിനകം നാലു തവണ താന്‍ പ്രതിനിധാനം ചെയ്ത കോന്നി മണ്ഡലത്തിലെ ജനങ്ങളുമായി ഗാഢമായ വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ അടൂര്‍ പ്രകാശിന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനകരമായ നേട്ടമായി എടുത്തു പറയേണ്ടതാണ്.
കെ.എസ്.യു. (ഐ) യില്‍ തന്റെ വിദ്യാഭ്യാസകാലത്ത് പ്രവര്‍ത്തിച്ചു കൊണ്ടാണ് അടൂര്‍ പ്രകാശ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യു. (ഐ) യുടെ കൊല്ലം താലൂക്കു കമ്മിറ്റി, ജില്ലാകമ്മിറ്റി എന്നിവയുടെ പ്രസിഡന്റായും, സംസ്ഥാന വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യൂത്ത് കോണ്‍ഗ്രസ്സിന്റെ കൊല്ലം ജില്ലാ സെക്രട്ടറി, പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സ്‌റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനമാണ് അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെ ജില്ലയുടെ വികസന ആവശ്യങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടി യുവനേതാവായിരുന്ന അടൂര്‍ പ്രകാശ് നയിച്ച പതിനെട്ടു ദിവസം നീണ്ട പദയാത്ര അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന്റെയും കാര്യപ്രാപ്തിയുടെയും മാറ്റുരച്ച സംഭവമായി കേരള ജനത പരക്കെ അംഗീകരിച്ച ഒന്നായിരുന്നു.
1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ വിജയിച്ച് അടൂര്‍ പ്രകാശ് അസംബ്ലിയിലെത്തിയിട്ടുണ്ട്. നിലവില്‍ കോന്നി എംഎല്‍എയാണ് അടൂര്‍ പ്രകാശ്.
https://www.facebook.com/Malayalivartha
























