ചാലക്കുടിയിലെ അടിയൊഴുക്കിന് തളരാതെ ബെന്നിച്ചായൻ; കോണ്‍ഗ്രസിലെ അതികായനായ പിസി ചാക്കോയുടെ നഷ്ടപെട്ട മണ്ഡലം തിരിച്ച് പിടിച്ച് യുഡിഎഫിന്റെ അഭിമാനമായി ബെന്നി ബഹന്നാൻ

2014ല്‍ കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫ് പിടിച്ചെടുത്തു. ചാലക്കുടിയില്‍ വോട്ടിനെ സ്വാധീനിച്ചത് പ്രളയവും പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമാണ്. ഇന്നസെന്റിനെതിരെ യുഡിഎഫിന്റെ ഏറ്റവും ശക്തമായ ആരോപണം പ്രളയ സമയത്ത് ഇന്നസെന്റ് മണ്ഡലത്തില്‍ എത്തിയില്ല എന്നതായിരുന്നു. കൊടുങ്ങല്ലൂര്‍, ആലുവ, കുന്നത്തുനാട്, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങള്‍ ബെന്നി ബെഹനാന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ബെന്നി ബെഹനാന്‍. ലീഡ് മാറ്റമില്ലാതെ തുടരുകയായിരുന്നു. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ലോക്‌സഭാ മണ്ഡലം പരിധി.
കഴിഞ്ഞ തവണ ഇടതു സ്വതന്ത്രനായി മത്സരിച്ച് പി.സി. ചാക്കോയെപ്പോലെ ഒരു പ്രഗത്ഭനെ മലര്‍ത്തിയടിച്ചാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഇന്നസെന്റിന് ഇക്കുറി നടനവൈഭവത്തേക്കാള്‍ രാഷ്ട്രീയ വൈഭവം മുന്നില്‍ വെച്ച് പോര്‍ക്കളത്തില്‍ ഇടപെടേണ്ടി വന്നിരുന്നു, ബെന്നി ബഹനാനെ പോലൊരു തന്ത്രശാലിയായ നേതാവിനെയാണ് ഇന്നസെന്റിന് നേരിടേണ്ടി വന്നത്. ഇന്നസെന്റിനെ രണ്ടാം വട്ടവും ഇറക്കുന്നതിനെതിരെ സിപിഎമ്മിനകത്തു തന്നെ വിയോജിപ്പ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇന്നസെന്റും മത്സരിക്കാനില്ലെന്ന നിലപാട് ആദ്യം എടുത്തു. പിന്നീട് സ്ഥിരീകരണം ഉണ്ടായപ്പോള്‍ പാര്‍ട്ടിയ്ക്കത്തെ എതിര്‍പ്പ് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കാനെത്തിയതും.
മണ്ഡലത്തില്‍ ഏറെ സ്വാധീനം ഉള്ള നേതാവായിരുന്നു ബെന്നി ബഹനാന്‍. സൗമ്യന്‍. എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം. ഉമ്മന്‍ചാണ്ടിയുടെ വത്‌സല മിത്രം. എവിടെ വെട്ടണമെന്നും എവിടെ തടുക്കണമെന്നും നന്നായി അറിയുന്ന തന്ത്രശാലിയായ നേതാവ്. മണ്ഡലത്തിലെ പ്രബലമായ ഒരു സമുദായത്തില്‍ നിന്നുള്ള അംഗം. മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നില്ല. ഇത്തരം അനുകൂല ഘടകങ്ങളില്‍ ഊന്നി മണ്ഡലം ആകെ നിറഞ്ഞ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ബെന്നി ബഹനാന്‍ ആശുപത്രിയിലായത് ആശങ്കയ്ക്ക് ഇടവരുത്തിയെങ്കിലും, ഇന്നസെന്റിനെയും, എന്‍ രാധാകൃഷ്ണനെയും ബെന്നി ബഹനാന്‍ തറപറ്റിക്കുകയായിരുന്നു.
അതേ സമയം പ്രതീക്ഷിച്ച വിജയമാണ് ചാലക്കുടിയില്‍ കാണാനായതെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു. കൂട്ടായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ താന്‍ നടത്തിയതെന്നും താന്‍ അസുഖമായി കിടന്ന സമയത്ത് സഹപ്രവര്‍ത്തകരും എംഎല്‍എമാരും ഒരുമിച്ച് എണ്ണയിട്ട പ്രവര്‍നത്തനമാണ് കാഴ്ച വച്ചത്. അതിന്റെ കൂടി വിജയമാണ് ചാലക്കുടിയില്‍ തനിക്ക് ലഭിച്ചതെന്നുമാണ് ബെഹനാന്‍ പ്രതികരിച്ചത്. പിണറായിയുടെ സര്‍ക്കാര്‍, ഇടത് മുന്നണിയുടെ കൊലപാതക രാഷ്ട്രീയം എന്നിവയോടുള്ള എതിര്‍പ്പാണ് വടക്കന്‍ കേരളത്തില്‍ യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍. ശബരിമല വിഷയത്തില്‍ ഇടതുപാര്‍ട്ടിയും ബിജെപിയും എടുത്ത നിലപാട് വര്‍ഗ്ഗീയമാണ്. യുഡിഎഫ് വിശ്വാസ സംരക്ഷണത്തിന് ഒപ്പമായിരുന്നു. അത് ജനം തിരിച്ചറിഞ്ഞുവെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി. രണ്ടാം അങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെ ബെന്നി ബഹന്നാന്‍ മലര്‍ത്തിയടിച്ച കാഴ്ചയാണ് ചാലക്കുടിയില്‍ കാണാനായത്.
https://www.facebook.com/Malayalivartha
























