"കേരളമാകെ ആഞ്ഞടിച്ച വലത് തരംഗത്തിനൊപ്പം കോട്ടയവും" ;കോട്ടയം മണ്ഡലത്തില്‍ തോമസ് ചാഴികാടന് അനായാസ വിജയം

കോട്ടയം മണ്ഡലത്തില്‍ തോമസ് ചാഴികാടന് വിജയം. കേരളമാകെ ആഞ്ഞടിച്ച വലത് തരംഗത്തിനൊപ്പം രാഷ്ട്രീയ സാഹചര്യങ്ങള്‍കൂടി അനുകൂലമായപ്പോള്‍ വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും തോമസ് ചാഴികാടന് വെല്ലുവിളിയുണ്ടായില്ല. ആദ്യ ഘട്ടം മുതല്‍ നിലനിര്‍ത്തിപ്പോന്ന ലീഡ് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ച ചാഴികാടന്‍ 106259 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അനുകൂല ഘടകങ്ങളുണ്ടായിട്ടും 2014ല്‍ ജോസ് കെ. മാണി നേടിയ 1,20,599 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ ചാഴികാടന് സാധിച്ചില്ല.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ചാഴികാടന്റെ മുന്നേറ്റം. പരമ്പരാഗതമായി ഇടതിനെ തുണക്കുന്ന വൈക്കത്ത് മാത്രമാണ് ചാഴികാടന്‍ പിന്നോക്കം പോയത്. വൈക്കത്ത് 9220 വോട്ടുകള്‍ക്ക് വി.എന്‍ വാസവനെക്കാള്‍ പിന്നിലായി ചാഴികാടന്‍. കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ 33472 വോട്ടിന്റെ ലീഡാണ് ചാഴിക്കാടന് സമ്മാനിച്ചത്. കടുത്തുരുത്തിയില്‍ 26707 വോട്ടുകളും പുതുപ്പള്ളിയില്‍ 24327 വോട്ടുകളും കോട്ടയത്ത് 13967 വോട്ടുകളും വീതം ലീഡ് നേടാനും ചാഴികടന് സാധിച്ചു. പിറവത്തും ഏറ്റുമാനൂരിലും മാത്രമാണ് ലീഡ് കുറഞ്ഞത്. യഥാക്രമം 9104, 8345 വോട്ടുകള്‍.
https://www.facebook.com/Malayalivartha
























