'അടിപതറി സിപിഎം'; ഇടുക്കിയുടെ മണ്ണില്‍ ഡീന്‍ കുര്യാക്കോസിന് വമ്പൻ വിജയം

ഇടുക്കിയുടെ മണ്ണില്‍ ഡീന്‍ കുര്യാക്കോസിലൂടെ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്. ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറുന്നത്. 1,71,053 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
കസ്തൂരിരംഗന്‍ പോയി പ്രളയവും കര്‍ഷക ആത്മഹത്യകളും ആഞ്ഞുവീശിയ ഇടുക്കിയില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അടിപതറി. 2014 ലെ തോല്‍വിക്ക് യുഡിഎഫ് പലിശ സഹിതം കണക്കുതീര്‍ത്തു. കഴിഞ്ഞ തവണ അരലക്ഷം വോട്ടിന് കൈവിട്ട മണ്ഡലം അതിലും മികച്ച ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുപിടിച്ചത്. യുഡിഎഫ് തരംഗം ഇടുക്കിയിലും ശക്തമായിരുന്നുവെന്ന് ഭൂരിപക്ഷത്തില്‍ നിന്ന് വ്യക്തം. പി.ടി തോമസ് ജയിച്ചുകയറിയ ഇടുക്കി ഇടവേളയ്ക്ക് ശേഷം ശിഷ്യന്‍ ഡീനിലൂടെ വീണ്ടും കോണ്‍ഗ്രസിനൊപ്പം കൈപിടിച്ചു. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ ഡീന്‍ മുന്നേറി. കഴിഞ്ഞ തവണ ഡീന് പ്രതികൂലമായ നാല് ഹൈറേഞ്ച് മണ്ഡലങ്ങളില്‍ ശക്തമായി കോണ്‍ഗ്രസും യുഡിഎഫും തിരിച്ചുവന്നു. പി.ജെ ജോസഫിന്റെ ഉറച്ച പിന്തുണയും സഭയുടെ എതിര്‍പ്പില്ലാത്തതും കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി ഇഫക്ട് ഇത്തവണ ചലനമുണ്ടാക്കിയില്ല. ഇതാണ് അവരുടെ പ്രതിനിധിയായ ജോയ്‌സ് ജോര്‍ജിന്റെ രണ്ടാം ടേം എന്ന സ്വപ്നം തകര്‍ത്തത്.
498493 വോട്ടുകളാണ് ഡീന്‍ നേടിയത്. ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിന് 327440 വോട്ടുകളേ ലഭിച്ചുള്ളു. 78648 വോട്ടുകളാണ് ബി ഡി ജെ എസിന്റെ ബിജു കൃഷ്ണന്‍ നേടിയത്. ഒരു നിയോജകമണ്ഡലത്തിലും ഡീന്‍ കുര്യാക്കോസിനെക്കാള്‍ കൂടുതല്‍ വോട്ട് നേടാന്‍ ജോയ്‌സിന് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























