കോൺഗ്രസ്സ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല; രാഹുലിന് വയനാട്ടിൽ റെക്കോഡ‌് ഭൂരിപക്ഷം തൂത്തുവാരി ഉജ്ജ്വല വിജയം; കോൺഗ്രസ് കുടുംബത്തിന്റെ കുത്തക മണ്ഡലത്തിൽ പരാജയം

ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറയുന്നുണ്ടാകണം. ഇല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി എന്താകുമെന്ന് എല്ലാ പ്രവചനങ്ങള്‍ക്കും അപ്പുറമാകുമായിരുന്നു. കോൺഗ്രസ് കുടുംബത്തിന്റെ കുത്തക മണ്ഡലത്തിലാണ് രാഹുൽ പരാജയത്തിന്റെ കയ്പുനീർ കുടിച്ചത്.
എന്നാൽ വയനാട‌് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക‌് റെക്കോഡ‌് ഭൂരിപക്ഷം നേടുകയുണ്ടായി. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത‌്. രാഹുൽ ഗാന്ധി 706367 വോട്ടും എൽഡിഎഫ‌് സ്ഥാനാർഥി സിപിഐ യുടെ പി പി സുനീർ 274597 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപ്പിള്ളി 78816 വോട്ട‌് നേടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എൻഡിഎക്ക‌് വോട്ട‌് കുറഞ്ഞ ഏക മണ്ഡലമാണ‌് വയനാട‌്.
2004 മുതൽ അമേഠി മണ്ഡലത്തിൽ നിന്നാണ് രാഹുൽ വിജയിക്കുന്നത്. എന്നാൽ നാലാം വട്ടം മണ്ഡലത്തിലെ ജനങ്ങൾ രാഹുലിനെ തള്ളിപ്പറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ ജയിച്ചത്. 2009 ൽ ഭൂരിപക്ഷം 3.7 ലക്ഷമായി. കഴിഞ്ഞ തവണ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയോടാണ് ഇത്തവണ രാഹുൽ അടിയറവ് പറഞ്ഞിരിക്കുന്നത്. സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽനിന്ന് ഇതേ മണ്ഡലത്തിൽ തോറ്റ ആൾ.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്‌നെ തോൽപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിച്ചു. 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവിൽ അമേഠിയിലെ ജനങ്ങൾ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പരാജയപ്പെടുത്തി. 1977 ൽ സഞ്ജയ് ഗാന്ധി തോൽക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോൽവിക്കുള്ള കാരണം ഏറെ ചർച്ച ചെയ്യപ്പെടും. 2014ൽ സ്മൃതി ഇറാനി രാഹുലിനോടു തോറ്റെങ്കിലും ബിജെപി അവരെ കേന്ദ്രമന്ത്രിയാക്കി. പദവി ലഭിച്ചെങ്കിലും തോൽപിച്ച മണ്ഡലത്തെ സ്മൃതി കൈവിട്ടില്ല. മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു അവർ. മുൻപ് 1998 ലാണ് ബിജെപി ഇവിടെ ജയിച്ചത്. പിന്നീടിപ്പോൾ, 21 വർഷത്തിനു ശേഷം സ്മൃതി ഇറാനി ഗാന്ധികുടുംബത്തിലെ ഇളമുറക്കാരനിൽനിന്ന് ബിജെപിക്കുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.
21മത് വർഷത്തിൽ ഇവിടെ ബിജെപി വിജയം നേടുമെന്ന് ഇവിടുത്തെ പ്രാദേശിക പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. ആ വിശ്വാസം ശരിയായി. രാഹുൽ വയനാട്ടിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത, യുഡിഎഫ് സ്ഥാനാർഥികളെ മാത്രം ജയിപ്പിക്കുന്ന വയനാട്ടിൽനിന്ന് രാഹുൽ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ സ്വന്തം മണ്ഡലത്തിൽ തോറ്റതും പാർട്ടിയെ പ്രവർത്തകർ ആഗ്രഹിച്ചതുപോലെയൊരു വിജയത്തിലേക്ക് നയിക്കാൻ കഴിയാതെ പോയതും പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായേക്കും.
https://www.facebook.com/Malayalivartha
























