മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ മറുപടി; തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് പിണറായി വിരുദ്ധതയെന്ന് എൻ.കെ. പ്രേമചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ മറുപടിയാണ് കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. പിണറായി വിരുദ്ധതയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഇടതിന്റെ നൻമയെ പിണറായി തകർക്കുകയാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു പ്രചാരണം നയിച്ച കൊല്ലത്ത് 1.48 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ.കെ. പ്രേമചന്ദ്രൻ വിജയം കൈവരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലാണ് പ്രേമചന്ദ്രൻ പിന്നിലായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് കെ.എൻ. ബാലഗോപാൽ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൻ.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയിൽ പരനാറി എന്ന് വിശേഷിപ്പിച്ച പിണറായിയുടെ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ എൽഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രൻ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്.
20 ലോക്സഭാ സീറ്റുകളിൽ 19 എണ്ണവും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയപ്പോൾ ഇടതുമുന്നണിക്ക് ആലപ്പുഴ മാത്രമൊതുങ്ങി. ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനായതും യുഡിഎഫിന് നേട്ടമായി. പതിറ്റാണ്ടുകളായി വിജയിച്ചു വന്നിരുന്ന ആലത്തൂരും പാലക്കാടും ആറ്റിങ്ങലും കാസർഗോഡും അടക്കമുള്ള മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ബിജെപി അക്കൗണ്ട് തുറക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്ന തിരുവനന്തപുരത്ത് യുഡിഎഫിലെ ശശി തരൂർ ഒരു ലക്ഷത്തോളം വോട്ടിനു വിജയിച്ചു. ബിജെപിയുടെ കുമ്മനം രാജശേഖരൻ ഇവിടെ രണ്ടാമതായപ്പോൾ ഇടതു സ്ഥാനാർഥി സി. ദിവാകരൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
വയനാട്ടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ റിക്കാർഡ് ഭൂരിപക്ഷം അടക്കം പത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ലക്ഷം കടന്നു. എന്നാൽ, ആലപ്പുഴയിൽ വിജയിച്ച എൽഡിഎഫിലെ എ.എം. ആരിഫിന് 9,213 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ത്രികോണ പോരാട്ടം നടന്ന പത്തനംതിട്ട, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി മൂന്നാം സ്ഥാനത്തായി.
https://www.facebook.com/Malayalivartha
























