സംസ്ഥാനത്ത് 20 ട്വന്റി അടിക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫിന് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഹൈക്കമാന്‍ഡിന്റെ പിടിവാശിയാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍

സംസ്ഥാനത്ത് 20 ട്വന്റി അടിക്കാന്‍ ഇറങ്ങിത്തിരിച്ച യു.ഡി.എഫിന് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഹൈക്കമാന്‍ഡിന്റെ പിടിവാശിയാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍ സൂചിപ്പിച്ചു. അതിനാല്‍ ഹൈക്കമാന്‍ഡ് ഇക്കാര്യം പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷാനിമോള്‍ക്ക് സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ജയസാധ്യതയില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. എന്നിട്ടും ഹൈക്കമാന്‍ഡ് ഷാനിമോള്‍ക്ക് വേണ്ടി വാശിപിടിച്ചു. സിറ്റിംഗ് എം.പിയായിരുന്ന കെ.സി വേണുഗോപാലും ഷാനിക്കൊപ്പം നിന്നതോടെ സംസ്ഥാന നേതാക്കള്‍ വഴങ്ങി. എല്ലാ തെരഞ്ഞെടുപ്പുകളിലും ഹൈക്കമാന്റ് പറയുന്ന ചിലരുടെ കാര്യത്തില്‍ ഈ വിയോജിപ്പ് കേരളം അറിയിക്കാറുണ്ടെങ്കിലും രാഹുല്‍ ഗാന്ധി അത് വകവച്ച് കൊടുക്കാറില്ല. അത് പക്ഷെ, ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് കരുതിയില്ല.
രാഹുലിന്റെ ഇത്തരത്തിലുള്ള പിടിവാശി കാരണം മുമ്പും സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2014ല്‍ പി സി ചാക്കോയെ തൃശൂരില്‍ നിന്ന് മാറ്റി ചാലക്കുടിയില്‍ മത്സരിപ്പിച്ചത് രാഹുലിന്റെ നിര്‍ബന്ധമായിരുന്നു. ഒടുവില്‍ 12 സീറ്റില്‍ വിജയിച്ചപ്പോഴും ചാലക്കുടിയും തൃശൂരും തോറ്റുപോയി. യു ഡി എഫ് ശക്തികേന്ദ്രമായ വയനാട്ടില്‍ ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു രാഹുലിന്റെ നീക്കം. ഉമ്മന്‍ചാണ്ടി എതിര്‍ത്തതോടെ ആദ്യം സിദ്ദിഖും പിന്നെ രാഹുലും സ്ഥാനാര്‍ത്ഥിയായി. സി.പി.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കിയടെ മതസമവാക്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഷാനിമോളെ ആലപ്പുഴയിലേക്ക് കൊണ്ടുവന്നു. കോണ്‍ഗ്രസില്‍ നിന്നും വേറെ ആര് മത്സരിച്ചാലും ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ആലപ്പുഴ. എ എം ആരിഫിനെതിരെ എതിരാളിയെ കണ്ടെത്താന്‍ കഴിയാതെ പോയി.
ആലപ്പുഴയിലെ വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് മന:ശാസ്ത്രം പ്രത്യേക തരത്തിലുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നീന്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം തുഴയെറിയുകയും ചെയ്യുന്ന ചരിത്രമാണ് കിഴക്കിന്റെ വെനീസിനുള്ളത്. എന്നാല്‍ ഇത്തവണ വേറൊരു രീതിയില്‍ ആലപ്പുഴ മാറി ചിന്തിച്ചു. കാരണം കേരളം യു.ഡി.എഫിനൊപ്പം വോട്ട് മതില്‍ തീര്‍ത്തപ്പോള്‍ ആലപ്പുഴ ഇടതിനൊപ്പം മാറി ഒഴുകി. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേര്‍ന്നതാണ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം. ഹരിപ്പാട് ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്.
13 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഇവിടെ നടന്നപ്പോള്‍ എട്ട് തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സി.പി.ഐയിലെ പി.കെ വാസുദേവന്‍ നായരും സി.പി.എമ്മിലെ സുശീലാ ഗോപാലനും അടക്കമുള്ള പ്രമുഖരും ഇവിടെ അട്ടിമറി വിജയം നടത്തിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ആരിഫിന്റെ അമ്പരപ്പിക്കുന്ന വിജയം. സാധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ അടിസ്ഥാനത്തിലാണ് ആലപ്പുഴക്കാര്‍ ചിന്തിച്ചിരുന്നത്. ഇത്തവണ അത് ഉണ്ടായില്ല. മറ്റൊരു സവിശേഷത സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ്. സാധാരണ അതിഥികളായിരിക്കും സ്ഥാനാര്‍ത്ഥികള്‍, അവരെയൊക്കെ ആലപ്പുഴക്കാര്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്.
തൃശൂരുകാരനായ വി.എം സുധീരനെ നാല് തവണയാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്. ഒരു തവണ അപരനായ സുധീരന് ചിലര്‍ വോട്ട് മാറി കുത്തിയത് കൊണ്ട് മാത്രമാണ് പരാജയപ്പെട്ടത്. തിരുവനന്തപുരത്തുകാരനായ വക്കം പുരുഷോത്തമന്‍ രണ്ട് തവണ ആലപ്പുഴ എംപിയായി. പിന്നീട് പയ്യപ്പൂരുകാരനായ കെ.സി വേണുഗോപാല്‍ ആലപ്പുഴ എം.എല്‍.എയും 2008ലും 14ലും എം.പിയുമായി. ഇത്തവണ ഇടത്, വലത് സ്ഥാനാര്‍ത്ഥികള്‍ ആലപ്പുഴക്കാരായിരുന്നു.
https://www.facebook.com/Malayalivartha
























