വിളിച്ച് വരുത്തി അപമാനിച്ചത് പോലെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ ദയനീയ പരാജയം, നെടുമങ്ങാട് എം.എല്‍.എയായിരുന്ന ദിവാകരനെ എന്ത് വിലകൊടുത്തും ജയിപ്പിക്കാമെന്ന് പാര്‍ട്ടിയും സി.പി.എമ്മും ഉറപ്പ് നല്‍കിയിരുന്നു

വിളിച്ച് വരുത്തി അപമാനിച്ചത് പോലെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ ദയനീയ പരാജയം. നെടുമങ്ങാട് എം.എല്‍.എയായിരുന്ന ദിവാകരനെ എന്ത് വിലകൊടുത്തും ജയിപ്പിക്കാമെന്ന് പാര്‍ട്ടിയും സി.പി.എമ്മും ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ട് അദ്ദേഹത്തെ ദയനീയ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. അതില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിനും ജില്ലാനേതൃത്വത്തിനും പങ്കുണ്ട്. അതുകൊണ്ടാണ് വെള്ളിയാഴ്ച നടന്ന സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം സി. ദിവാകരന്‍ ബഹിഷ്‌കരിച്ചത്. ആ നടപടി സി പി ഐയില്‍ പൊട്ടിത്തെറിക്കിടയാക്കി. ഇടത് വോട്ടുകളും തനിക്കെതിരെ ശശി തരൂരിന്റെ പെട്ടിയില്‍ വീണെന്നാണ് ദിവാകരന്റെ സംശയം.
ജയസാധ്യതയില്ലാത്ത തിരുവനന്തപുരത്ത് മത്സരിക്കാന്‍ സാധ്യതയില്ലായിരുന്നിട്ടും തന്നെ ബലിയാടാക്കി മാറ്റുകയായിരുന്നെന്ന പ്രതിഷേധമാണ് ദിവാകരന്റെ ബഹിഷ്‌കരണത്തിന് പിന്നിലുള്ളത്. ഇടത് നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ദിവാകരന്‍ ഉന്നയിച്ചത്. നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ പ്രണിത ഹൃദയനായ ദിവാകരനെ അനുനയിപ്പിക്കാന്‍ സി പി ഐ നേതാക്കള്‍ ശ്രമം തുടങ്ങി. സെക്രട്ടറി കാണാം രാജേന്ദ്രന്‍ ദിവാകരനുമായി സംസാരിക്കും. കാനത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ അപ്രമാദിത്വം പാര്‍ട്ടിയില്‍ ഇല്ലാതായിരിക്കുകയാണ്. കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള കാനത്തിന്റെ ശ്രമം ആദ്യം പരാജയപ്പെട്ടത് അതുകൊണ്ടാണ്.
2014ല്‍ സീറ്റ് കച്ചവടം നടത്തിയാണ് സി.പി.ഐ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. അതിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കേണ്ടി വന്ന സി.ദിവാകരന്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായതും തോറ്റ് തുന്നംപാടേണ്ടി വന്നതും കാലത്തിന്റെ കളികളെന്നല്ലാതെ എന്ത് പറയാന്‍. കഴിഞ്ഞ തവണ പേമറ്റ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിന് കിട്ടിയതിനേക്കാള്‍ പതിനായിരത്തോളം വോട്ടേ ഇത്തവണ ദിവാകരന്റെ പെട്ടിയില്‍ വീണുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ഭൂരിപക്ഷമാകട്ടെ 15,000ല്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ന്നു. കുമ്മനത്തെയും ബി.ജെ.പിയെയും തറപറ്റിക്കാന്‍ തന്നെ ബലിയാടാക്കിയെന്നാണ് സി.ദിവാകരന്റെ ആക്ഷേപം. അത് കണക്കുകള്‍ സഹിതമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തെ ഒരു സീറ്റിലും പാര്‍ട്ടിക്ക് വിജയിക്കാനായില്ലെന്നും യു.ഡി.എഫ് തരംഗത്തില്‍ എല്ലായിടത്തും വോട്ട് ചോര്‍ന്നെന്ന വാദമാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. പന്ന്യന്‍ രവീന്ദ്രനും പി.കെവിയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച തിരുവനന്തപുരത്ത് തന്നെ പോലുരു സീനിയര്‍ നേതാവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടതില്‍ പാര്‍ട്ടിനേതൃത്വത്തിന് ഉത്തരവാദിത്തം ഉണ്ടെന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും ദിവാകരന്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ശരിയാകില്ലെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























