ത്രിപുരയും ബംഗാളും വെള്ളത്തില്‍ മുങ്ങി, കേരളത്തില്‍ ഒരു കനലുമാത്രം അവശേഷിപ്പിച്ച സി.പി.എമ്മിന്റെ മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്

ത്രിപുരയും ബംഗാളും വെള്ളത്തില്‍ മുങ്ങി, കേരളത്തില്‍ ഒരു കനലുമാത്രം അവശേഷിപ്പിച്ച സി.പി.എമ്മിന്റെ മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങള്‍ സര്‍ക്കാരുമായും സി.പി.എമ്മുമായും അകന്നുകഴിഞ്ഞു, അവരെ അടുപ്പിക്കാനുള്ള നയപരവും രാഷ്ട്രീയപരവുമായ സമീപനം സൃഷ്ടിക്കണം. അല്ലെങ്കില്‍ അറബിക്കടലിന്റെ തീരത്ത് പാര്‍ട്ടി അസ്തമിക്കും. പല മണ്ഡലങ്ങളിലും സി.പി.എമ്മിന്റെ വോട്ട് വിഹിതം കുറയുകയും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് അത്മപരിശോധന നടത്തി തെറ്റുതിരുത്തണം
പരമ്പരാഗത ഹിന്ദുവോട്ടും ന്യൂനപക്ഷവോട്ടും ലക്ഷ്യം വെച്ചുള്ള പരിപാടികളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം. ബി.ജെ.പിയെ നേരിടാന്‍ മതേതരത്വം മുറുക്കെ പിടിക്കുകയും വര്‍ഗ്ഗീയതയെ ശക്തമായി എതിര്‍ക്കുകയും വേണം അല്ലാതെ അമ്പലക്കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ പ്രാദേശിക നേതാക്കളോടും അണികളോടും ആഹ്വാനം ചെയ്യുകയല്ല വേണ്ടത്. ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ച് ചില ക്രൈസ്തവ സഭകളോട് പ്രത്യേക മമത പുലര്‍ത്തുന്നത് അവസാനിപ്പിക്കണം. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കണം. പെരിയ ഇരട്ടക്കൊലപാതകം കാരണമാണ് 35 കൊല്ലത്തെ ഇടത് കോട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തകര്‍ത്തതും വടകരയില്‍ പി. ജയരാജന്‍ തോറ്റതും
ജാതി-മത സംഘടനകളുടെയും നേതാക്കളുടെയും തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യുന്നതും എതിര്‍ക്കുന്നതും നല്ലതാണ്, പക്ഷെ, അതിന്റെ മറവില്‍ അവരെ താറടിക്കുകയും പരിസഹിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. ഒരു സമുദായത്തോടൊപ്പം നില്‍ക്കുകയും മറ്റൊരു സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്നത് സി.പി.എം പോലുള്ള ഇടത്പക്ഷപ്രസ്ഥാനത്തിന് ഒട്ടും യോജിച്ചതല്ല. പ്രതിപക്ഷ നേതാക്കളോട്, പ്രത്യേകിച്ച് വനിതകളോട് എല്ലാതരത്തിലുമുള്ള മാന്യതയും ബഹുമാനവും പുലര്‍ത്തണം. അല്ലെങ്കില്‍ വലിയ തിരിച്ചടിയായും നേരിടേണ്ടിവരുക. ആലത്തൂരിലെ രമ്യാ ഹരിദാസിന്റെ അത്ഭുത വിജയം അതിന് ഉദാഹരണം. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും സമൂഹമാധ്യമങ്ങളിലൂടെ മോശക്കാരാക്കുന്ന ഇടത് സഹയാത്രികരെ താങ്ങരുത്, ശക്തമായ താക്കീത് നല്‍കണം
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ഏതെങ്കിലും സമുദായത്തിന്റെയും സഭയുടെയോ നേതൃത്വങ്ങള്‍ക്ക് വഴങ്ങരുത്, ഒരു തവണ ചിലപ്പോള്‍ ഇത്തരം തന്ത്രങ്ങള്‍ വിജയിച്ചേക്കാം, ആത്യന്തികമായി ഇടത്പക്ഷത്തിന്റെ മ്യൂല്യച്യുതിയായി അത് ഭവിക്കും. പത്തനംതിട്ടയിലെ വീണാ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വവും പരാജയവും ഉദാഹരണം. സ്ത്രീസമത്വത്തിനും ലീംഗനീതിക്ക് വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴും സ്വന്തം നേതാക്കളുടെ സ്ത്രീവിരുദ്ധനിലപാടുകളും കേസുകളും നിയമത്തിന്റെ വഴിക്ക് വിടാന്‍ തയ്യാറാകാത്തത് ശരിയല്ല. പി.കെ ശശി വിവാദവും എം.ബി രാജേഷിന്റെ തോല്‍വിയും വ്യക്തമാക്കുന്നത് അതാണ് .
പാര്‍ട്ടിയിലെ പോരും സി.പി.ഐയുമായുള്ള തര്‍ക്കങ്ങളും രമ്യമായി പരിഹരിക്കണം. പാലക്കാട്ടെ തോല്‍വിക്ക് ഇത് രണ്ടും കൂടി കാരണമാണ്. സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കാതെ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം. സി.ദിവാകരന്‍ തിരുവനന്തപുരത്ത് മൂന്നാമത് ആയത് അതുകൊണ്ടാണ്. ഇതിനെല്ലാമുപരി മുഖ്യമന്ത്രിയുടെയും പാര്‍ട്ടിനേതാക്കളുടെയും ധിക്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിക്കണം. ജനങ്ങളോളും ഉദ്യോഗസ്ഥരോടും മറ്റ് പാര്‍ട്ടി നേതാക്കളോടും മാധ്യമങ്ങളോടുമുള്ള അസഹിഷ്ണുതാ സമീപനത്തില്‍ മാറ്റം വരുത്തണം
"
https://www.facebook.com/Malayalivartha
























