ആറ് ലക്ഷം ഹിന്ദുവോട്ടുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്ന് ലക്ഷം വോട്ട് പോലും പിടിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു

ആറ് ലക്ഷം ഹിന്ദുവോട്ടുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്ന് ലക്ഷം വോട്ട് പോലും പിടിക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇത് ബി.ജെ.പി- സംഘപരിവാര്‍ ശക്തികളുടെ പരാജയം മാത്രമല്ല, ഉത്തരേന്ത്യയില്‍ ഇറക്കുന്നത് പോലുള്ള തീവ്രഹിന്ദു നിലപാടുകള്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ലക്ഷത്തോളം വോട്ട് ബി.ജെ.പിക്ക് നേടാനായി. 2014ല്‍ എം.ടി രമേശ് 1,38,000ത്തോളം വോട്ട് നേടിയപ്പോള്‍ കെ.സുരേന്ദ്രന്‍ 2,97,396 വോട്ട് സമാഹരിച്ചു. ശബരിമലവിഷയത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് വിജയം നേടാനായിരുന്നു ബി.ജെ.പിയുടെയും സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിത ശ്രമം. അതിലൂടെ പത്തനംതിട്ട മാത്രമല്ല തിരുവനന്തപുരം, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളും പിടിച്ചെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടി. അതിന് വ്യാജ പ്രചരണങ്ങളും അഴിച്ചുവിട്ടു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ആവശ്യം ബി.ജെ.പി- സംഘപരിവാര്‍ ശക്തികള്‍ പതിവായി ഉയര്‍ത്തിക്കൊണ്ട് വരാറുണ്ട്. ഇപ്പോള്‍ അതിനൊപ്പം ഗോവധവും ചര്‍ച്ചയാക്കുന്നു. അതിലൂടെ അധികാരത്തിലേറാനും അവര്‍ക്കായി. അതേ തന്ത്രമാണ് ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ മറവില്‍ ബി.ജെ.പി - സംഘപരിവാര്‍ ശക്തികള്‍ പയറ്റിയത്. അതിനെ എന്‍.എസ്.എസും പന്തളം കൊട്ടാരവും ആദ്യം പിന്തുണച്ചെങ്കിലും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അക്രമ രാഷ്ട്രീയം മനസ്സിലാക്കിയ ഇരുകൂട്ടരും പിന്‍മാറി. ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും യുവതീപ്രവേശന വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പരസ്യമായി വ്യക്തമാക്കിയതും തങ്ങള്‍ സമദൂരമാണ് സ്വീകരിക്കുന്നതെന്ന് എന്‍.എസ്.എസ് ജനനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതും അതുകൊണ്ടാണ്.
സംഘപരിവാര്‍ നേതാവായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപരുത്ത് മത്സരിപ്പിച്ച്, കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കാനുള്ള ശ്രമത്തിനും തിരിച്ചടിയാണ് ജനം നല്‍കിയത്. ശബരിമലയിലാണ് പ്രശ്‌നമെങ്കിലും ബി.ജെ.പിയും ആര്‍.എസ്.എസ് രൂപീകരിച്ച കര്‍മസമിതിയും തിരുവനന്തപുരത്തും തൃശൂരും പത്തനംതിട്ടയിലുമാണ് അക്രമം അഴിച്ചുവിട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ സംഘം മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ വെച്ച് അവര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ചാണകം എറിഞ്ഞു.
ഹൈന്ദവവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചിട്ടും അഞ്ച് ലോകസഭ മണ്ഡലങ്ങളില്‍ മാത്രമാണ് കാര്യമായ വോട്ട് വര്‍ധനയുണ്ടാണ്ടാക്കാന്‍ കഴിഞ്ഞത്. കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചു കുത്തി. കണ്ണൂരില്‍ കഴിഞ്ഞ ലോക്‌സുഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പതിനായിരത്തോളവും വടകരയില്‍ 3000 വോട്ടും മാത്രമാണ് ബിജെപിക്ക് വര്‍ധിച്ചത്. എറണാകുളത്ത് കേന്ദ്രമന്ത്രി കണ്ണന്താനം വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കം 13 എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ല. കൊല്ലം, കോഴിക്കോട്, ചാലക്കുടി, കാസര്‍കോട്, വടകര, മലപ്പുറം, പൊന്നാനി, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങിലെ സ്ഥാനാര്‍ത്ഥികളും ദയനീയ തോല്‍വി ഏറ്റുവാങ്ങി. പോള്‍ ചെയ്തതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.
https://www.facebook.com/Malayalivartha
























