നന്ദിയുണ്ട് ടീച്ചര്‍ ; സോഷ്യൽ മീഡിയയിൽ വൈറൽ ആയി ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള രമ്യ ഹരിദാസിന്റെ പോസ്റ്റ്

എല്ഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിയത് വന്‍വിജയമാണ്. മികച്ച വിജയം നേടിയതിന് പിന്നാലെ ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ് രംഗത്തെത്തിയിരിക്കുകയാണ്. ദീപയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള രമ്യ ഹരിദാസിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളുടെ നടുവിലായിരുന്നു ആലത്തൂര്‍ മണ്ഡലം. 5,338,15 വോട്ടുകള്‍ നേടിയാണ് രമ്യ ഹരിദാസിന്‍റെ മിന്നുംവിജയം. എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോല്‍പ്പിച്ചത്. പി കെ ബിജുവിനാകട്ടെ നേടാനായത് 3,748,47 വോട്ടുകളും. ആലത്തൂരില്‍ പാട്ടുംപാടി രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും പി കെ ബിജു ഹാട്രിക് വിജയം നേടുമെന്ന് തന്നെയായിരുന്നു ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ രമ്യയെ കളിയാക്കിക്കൊണ്ടുള്ള ദീപ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയാവുകയായിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത് എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിജയരാഘവന്‍റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് വേണം കരുതാന്‍.
ഇടതുപക്ഷത്തിന്‍റെ മികച്ച സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന പി കെ ബിജുവിനെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും മറ്റും തിരിച്ചടിച്ചെന്ന് വേണം കരുതാന്‍. പി കെ ബിജുവിന് വേണ്ടി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്ന പോസ്റ്റുകളില്‍ പലതും പാട്ടുപാടി വിജയിക്കുമെന്ന രമ്യയുടെ പ്രസ്താവനകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. ഇതോടെ രമ്യയുടെ പിന്തുണ കുത്തനെ ഉയരുകയായിരുന്നു. രമ്യയെക്കുറിച്ച് ദീപ നിശാന്ത് ഫേയ്‌സ്ബുക്കില്‍ തുടരെ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.
പാട്ടും പാടി വോട്ട് പിടിക്കാൻ ഇതെന്താ റിയാലിറ്റി ഷോ ആണോ എന്നായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. "ടീച്ചറുടെ കുടുംബത്തിന്‍റെ വോട്ട് എനിക്കാണ്, ടീച്ചറുടെ വോട്ടും എനിക്ക് വേണം" ഇതായിരുന്നു രമ്യ ഹരിദാസിന്‍റെ പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ രമ്യയുടെ നിലപാടുകള്‍ പലതും ക്രൂശിക്കപ്പെട്ടത് വോട്ടിംഗില്‍ ഗുണകരമായെന്ന് വേണം കരുതാന്‍.
ഒന്നരലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ രമ്യയും ദീപയ്ക്ക് നന്ദി പറഞ്ഞതോടെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രമ്യയുടെ ട്രോളിനെ ചിലര്‍ കയ്യടിക്കുമ്പോള്‍ മറ്റു ചിലര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ജയത്തിന്റെ ക്രെഡിറ്റ് ദീപ നിശാന്തിന് കൊടുക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം.
കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. വളരെ താഴേതട്ടില്‍ നിന്ന് വളര്‍ന്ന് വന്ന രമ്യയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കണ്ടെത്തിയത്. 29ാം വയസിലാണ് രമ്യ കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2013ല്‍ ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ രമ്യ ആലത്തൂരില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. 2009 മുതല്‍ എം.പിയായിരുന്ന പി.കെ ബിജുവിനെയാണ് അട്ടിമറിച്ചിരിക്കുന്നത്.
ജഹവര്‍ ബാലജനവേദിയാണ് രമ്യയുടെ രാഷ്ട്രീയ പ്രവേശനത്തിന് നിമിത്തമായത്. കെ.എസ്.യുവില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായ രമ്യ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്ററാണ്. ആദിവാസി, ദളിത് സമരങ്ങളില്‍ നിരവധി തവണ പങ്കെടുത്തു. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടന്ന സമരങ്ങളില്‍ അണിനിരന്നു 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























