സൂറത്തിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം
ഗുജറാത്തിലെ സൂറത്തിൽ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നു കുട്ടികൾക്ക് 12 ക്ലാസ് പരീക്ഷയിൽ മികച്ച വിജയം. യാഷി കേവാദിയ, മാൻസി വർസാനി, ഹസ്തി സുറാനി എന്നിവർക്കാണ് പരീക്ഷയിൽ മികച്ച വിജയം ഉണ്ടായത്.
ശനിയാഴ്ച പരീക്ഷാഫലം പുറത്തുവന്നപ്പോൾ മൂന്നു കുട്ടികളും 50 ശതമാനത്തിലധികം മാർക്കോടെ വിജയിച്ചു. യാഷി 67.75 ശതമാനം മാർക്ക് നേടിയപ്പോൾ മാൻസിക്ക് 52.03 ശതമാനം മാർക്കാണ് ലഭിച്ചത്. ഹസ്തി 69.39 ശതമാനം മാർക്ക് നേടി.
പരീക്ഷാ വിജയം അറിയാൻ ഒരു ദിവസം ബാക്കിനിൽക്കെ വെള്ളിയാഴ്ച ഉണ്ടായ തീപിടിത്തത്തിലാണ് മൂവരും മരിച്ചത്. ഇവരുൾപ്പെടെ 20 വിദ്യാർഥികൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. മരിച്ചവരിൽ 16 പേർ പെൺകുട്ടികളാണ്. കെട്ടിടത്തിൽനിന്ന് ചാടിയതും ശ്വാസം മുട്ടിയതുമാണു വിദ്യാർഥികളുടെ മരണത്തിനു കാരണമായത്. നാലുനിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നി ലകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ ചാടുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. തീയണ യ്ക്കുന്നതിനായി 19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha