യാത്ര ചെയ്യവേ ഉറക്കം വന്നപ്പോള്‍ കാര്‍ സൈഡിലൊതുക്കി ഉറങ്ങി, തടികയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ട് കാറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

യാത്ര ചെയ്യവേ ഉറക്കം വന്നപ്പോള്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നയാള്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠപുരം നെടുങ്ങോം അറയ്ക്കപ്പറമ്പില്‍ മാത്യുവിന്റെ മകന്‍ ബിനേഷ് മാത്യു (41) വിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ അഞ്ചുമണിയോടെ പേരാമംഗലം പോലീസ് സ്‌റ്റേഷനടുത്ത് അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിന് മുമ്പിലായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍നിന്ന് കോട്ടയത്തേക്ക് കാറോടിച്ചു പോവുകയായിരുന്നു ബിനേഷ്. യാത്രക്കിടെ അമ്പലത്തിന് മുമ്പിലെ ഒഴിഞ്ഞ ഇടം നോക്കി കാര്‍ നിര്‍ത്തി ഉറങ്ങിയതാണെന്നാണ് പോലീസിന്റെ നിഗമനം.
കാറിന് തൊട്ടുമുമ്പിലായി ഒരു ലോറിയും നിര്‍ത്തിയിട്ടിരുന്നു. തടികയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ഇടിച്ച ലോറിക്കും ഇടയില്‍പ്പെട്ട കാര്‍ നിശ്ശേഷം തകര്‍ന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എന്‍ജിന്‍ കത്തുന്നതാണ്.
നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് അരമണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് കാറില്‍നിന്ന് ബിനേഷിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അമല ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. കോട്ടയത്ത് കൂട്ടുകാരന്‍ രതീഷിനോപ്പം ഇലക്ട്രിക്കല്‍ സാമഗ്രികളുടെ ബിസിനസ് നടത്തുകയായിരുന്നു ബിനേഷ്. ഹൈസ്‌കൂള്‍ അധ്യാപികയായ സുനിതമേരി ആണ് ഭാര്യ. അഭയ്, ആല്‍വില്‍, ആഗ്‌നത്ത് എന്നിവര്‍ മക്കളാണ്.
L
https://www.facebook.com/Malayalivartha
























