പാല് കൊടുത്ത കൈയ്ക്ക് കൊത്തുന്നു... ശബരിമലയ്ക്ക് പിന്നാലെ നവോത്ഥാനം പറഞ്ഞ പിണറായി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൗനത്തില്‍; ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് നവോത്ഥാന നായകന്‍മാരായ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിയര്‍ക്കുന്ന സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനം പൊടി തട്ടിയെടുത്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഭക്തര്‍ക്കൊപ്പം നിന്നപ്പോള്‍ അതിനെ മറികടന്ന് നൂനപക്ഷ വോട്ട് സമാഹരിക്കാനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനേയും മുന്നില്‍ നിര്‍ത്തി നവോത്ഥാന മതില്‍ കെട്ടിയത്. വനിത മതില്‍ വന്‍ വിജയമായതോടെ അതില്‍ പങ്കെടുത്തവര്‍ വോട്ട് ചെയ്യുമെന്ന് കരുതി. എന്നാല്‍ മതിലിന്റെ പിറ്റേന്ന് ബിന്ദുവിനേയും കനകദുര്‍ഗയേയും ശബരിമലയില്‍ ഒളിപ്പിച്ച് കടത്തിയതോടെ കളി മാറി. മതില്‍ കെട്ടിയവര്‍ തന്നെ അത് പൊളിച്ചു. അവസാനം തെരഞ്ഞെടുപ്പോടെ എല്ലാം ശുഭമായി. വെള്ളാപ്പള്ളിയും പുന്നലയും വിചാരിച്ചിട്ടു കൂടി എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന സത്യം വൈകിയാണ് തിരിച്ചറിഞ്ഞത്.
ഇതോടെ ഇരു നേതാക്കളും നവോത്ഥാനം ഉയര്‍ത്തി വീണ്ടും രംഗത്തെത്തി. ശബരിമല വിഷയവും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്ന സി.പി.എം വിലയിരുത്തലിനെതിരെ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. ശബരിമല വിഷയമല്ല, ന്യൂനപക്ഷ ഏകീകരണം നടന്നതാണ് ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തിന് കാരണമെന്ന് പുന്നല പറഞ്ഞു.
ശബരിലയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതെന്ന സി.പി.എം നിലപാട് തിരുത്തണം. പാര്‍ട്ടി നിലപാട് തന്നെ മുഖ്യമന്ത്രിയും സ്വീകരിച്ചാല്‍ നവോത്ഥാന മുന്നേറ്റവുമായി സഹകരിക്കില്ല. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിപാടികളും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതെന്നും നവോത്ഥാന സംഘടനകള്‍ക്കിടയിലെ ഭിന്നത ഒഴിവാക്കാനായിരുന്നു ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തത്ക്കാലത്തേക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പിന് ശേഷം ഇതെല്ലാം പുനരാരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചാണ് മുഖ്യമന്ത്രി ഇതെല്ലാം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
ശബരിമല വിഷയവും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെട്ടതിനൊപ്പം ന്യുനപക്ഷ വോട്ടുകളുടെ ഏകീകരണവും പരാജയത്തിന് കാരണമായെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്തായാലും നവോത്ഥാനത്തിന്റെ പേരില്‍ മൈലേജ് ഉണ്ടാക്കിക്കൊടുത്ത പുന്നല ശ്രീകുമാറും കുടുംബക്ഷേത്രത്തിന്റെ വികസനത്തിന് കോടികള്‍ സ്വീകരിച്ച വെള്ളാപ്പള്ളിയും കാലുമാറുകയാണ്. അവസരത്തിനൊത്ത്....
"
https://www.facebook.com/Malayalivartha
























