പെരിയാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു

പെരിയാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. ഇടുക്കി തടിയമ്പാട് മഞ്ഞപ്പാറയില്‍ തുടിയിങ്കല്‍ ജിജിയുടെ മകന്‍ വിവേക്(13), കുന്നേല്‍ ഷാനിന്റെ മകന്‍ ദ്രോണ(എട്ട്) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ഇരുവരുടെയും വീടിനു സമീപം മഞ്ഞപ്പാറ എസ്ആര്‍എം പന്പിനു പിന്നിലുള്ള പെരിയാറിലെ കയത്തിലാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ദ്രോണയുടെ അമ്മ മഞ്ജുവും അയല്‍വാസികളായ കുറവംപറന്പില്‍ ശ്രീക്കുട്ടന്‍, ദ്രോണയുടെ പിതാവിന്റെ സഹോദരപുത്രന്‍ നവനീത് എന്നിവരുമാണ് പുഴയില്‍ കുളിക്കാന്‍ പോയത്.
കയത്തിലേക്കിറങ്ങിയ വിവേകും ദ്രോണയും നവനീതും വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനായി കയത്തിലേക്കു ചാടിയ മഞ്ജുവും താഴ്ന്നുപോയി. ഉടന്‍തന്നെ ശ്രീക്കുട്ടന്‍ വെള്ളത്തില്‍ ചാടി നവനീതിനെയും മഞ്ജുവിനെയും രക്ഷിച്ചു കരയിലെത്തിച്ചു. ഈ സമയം വിവേകും ദ്രോണയും കയത്തിന്റെ അടിത്തട്ടിലേക്കു താഴ്ന്നുപോയിരുന്നു.
മഞ്ജുവിന്റെയും കുട്ടികളുടെയും നിലവിളി കേട്ടെത്തിയവരാണ് കയത്തില്‍നിന്നു കുട്ടികളെ പുറത്തെടുത്തത്. ഒരാളെ 10 മിനിറ്റിനകം കണ്ടെത്താനായെങ്കിലും രണ്ടാമത്തെയാളെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്.
ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരേ കെട്ടിടത്തില്‍ വാടകയ്ക്കു താമസിക്കുന്നവരാണ് ഇരുവരുടെയും കുടുംബങ്ങള്‍. മായയാണ് വിവേകിന്റെ അമ്മ. സഹോദരന്‍ വിശാല്‍. ദ്രോണയുടെ സഹോദരന്‍ ദക്ഷിണ്‍.
"
https://www.facebook.com/Malayalivartha
























