കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു കൂട്ടരും മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം ഉയര്‍ത്തിയ കോ-ലീ-ബി സഖ്യം എന്ന ആരോപണം വെറും ആരോപണം മാത്രമാണെന്ന് തെളിഞ്ഞു. സംഘപരിവാരത്തിന്റെ മുന്നേറ്റത്തെ തടയാനായത് കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമാണെന്നുംചെന്നിത്തല ആഞ്ഞടിച്ചു. ധാര്‍ഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെയും ഇടത് പ്രവര്‍ത്തകരുടെയും പ്രവര്‍ത്തന ശൈലി അവര്‍ക്ക് തിരിച്ചടിയായി. ശൈലി മാറ്റില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. അതിന് ഞങ്ങള്‍ക്ക് അദ്ദേഹത്തോട് ഏറെ നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അവര്‍ നല്കിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. വന്‍ പരാജയം ഏറ്റുവാങ്ങിയ ഇടതു പക്ഷത്തിന് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ഇടതുപക്ഷം ജനമനസുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടെന്നും ചെന്നിത്തല തുറന്നടിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറരുതെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതേ ശൈലിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതാണ് തങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പിണറായി വിജയന് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞടുപ്പില്‍ കണ്ടത്. തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് വസ്തുനിഷ്ഠമായ വിലയിരുത്തലല്ല വിജയന്റെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റ് പറ്റിയത് തങ്ങൾക്കല്ലെന്ന് പിണറായി വാദിക്കുന്നു. മൂന്നരക്കോടി ജനങ്ങൾക്ക് തെറ്റുപറ്റിയെന്നാണ് ഇവരുടെ വാദമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം നരേന്ദ്രമോദി സർക്കാർ 30 ന് അധികാരമേൽക്കും. രാഷ്‌ട്രപതിഭവനിൽ വ്യാഴാഴ്‌ച വൈകിട്ട് ഏഴിനു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എൻ.ഡി.എ നേതൃത്വം നൽകുന്ന രണ്ടാം മോദി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാമുഖ്യമുണ്ടാകും. മുൻ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളെ നിലനിറുത്തി, സ്‌ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് ബി.ജെ.പി. ചടങ്ങിൽ വിദേശ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആരെല്ലാമെത്തുമെന്ന് വിദേശകാര്യ മന്ത്രിലായം സ്ഥിരീകരിച്ചിട്ടില്ല.ശനിയാഴ്‌ച, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് വൈകിട്ടു തന്നെ രാഷ്‌ട്രപതി ഉത്തരവിറക്കിയിരുന്നു.
https://www.facebook.com/Malayalivartha
























