നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് നേതാവാകാനുള്ള പി.ജെ ജോസഫിന്റെ നീക്കത്തിന് തിരിച്ചടി, അടുത്തമാസം ഒന്‍പതിനകം പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കാന്‍ സ്പീക്കര്‍

നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് നേതാവാകാനുള്ള പി.ജെ ജോസഫിന്റെ നീക്കത്തിന് തിരിച്ചടി. പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവായിരുന്ന താന്‍ തന്നെ നിയമസഭാ കക്ഷിനേതാവാകുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. എന്നാല്‍ അടുത്തമാസം ഒന്‍പതിനകം പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കത്ത് നല്‍കി. അതിനുമുമ്പ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. അതേസമയം പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ കസേരയില്‍ ഇരുന്നത് തെറ്റല്ലെന്നും താന്‍ നല്‍കിയ കത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പാര്‍ട്ടി ഭരണഘടനാ പ്രകാരം തെരഞ്ഞെടുക്കാന്‍ സമയം വേണമെന്നുമാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ തന്നെ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെയര്‍മാനായി തെരഞ്ഞെടുത്തെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ച് ചേര്‍ക്കില്ലെന്നും പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
പി.ജെ ജോസഫിനെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന പി.ജെ. ജോസഫിനെ ആക്ടിംഗ് ചെയര്‍മാനാക്കിയിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മേയ് ഒന്‍പതിന് വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു. പാര്‍ട്ടി ഭരണഘടനയുടെ 29ാം വകുപ്പനുസരിച്ച് ചെയര്‍മാന്റെ അസാനിധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതലകളും അധികാരങ്ങളും വര്‍ക്കിംഗ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്നാണ് അതില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ചെയര്‍മാന്റെ ചുമതല വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിന് ആയിരിക്കുമെന്നും പറയുന്നു. അതിന്റെ മറപിടിച്ചാണ് പി.ജെ ജോസഫ് ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന് പി.ജെ ജോസഫ് അവകാശപ്പെടുന്നത്.
ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങളിലേക്കുള്ള ഒഴിവുകള്‍ സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ച് കൂട്ടി നിയമപ്രകാരം നികത്തണമെന്നും മെയ് ഒന്‍പതിന് എടുത്ത തീരുമാനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കെ.എം മാണി മരിച്ചിട്ട് 41 ദിവസം കഴിയാന്‍ കാത്തിരുന്നത് കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ച് ചേര്‍ക്കാതിരുന്നത്. അതിനാല്‍ നോട്ടീസ് നല്‍കാതെ ആക്ടിംഗ് ചെയര്‍മാനെ നീക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ട്. പി.ജെ ജോസഫിന് ചെയര്‍മാനാകണമെങ്കില്‍ സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം. അങ്ങനെയാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ അതിനെ പോലും വെല്ലുവിളിച്ച് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് നടത്തുന്നത്.
സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം. സമവായത്തിലൂടെയാണ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്ന് പി.ജെ ജോസഫ് പറയുന്നു. മുതിര്‍ന്ന എം.എല്‍.എയായ സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്നാണ് ജോസഫി പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യുട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് വ്യക്തമാക്കുന്നു. ഇത് അനുസരിച്ച് പി.ജെ ജോസഫിന് നിയമസഭയില്‍ മുന്‍നിരയില്‍ ഇരിപ്പിടം നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ ലീഡറെ തെരഞ്ഞെടുക്കാനാണ് സ്പീക്കര്‍ കത്ത് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























