ഹിമാലയത്തില്‍ ആത്മീയ യാത്രകള്‍ നടത്തി വന്ന കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദധാരിയായ മലയാളി യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തില്‍ കണ്ടെത്തി

ഹിമാലയത്തില്‍ ആത്മീയ യാത്രകള്‍ നടത്തി വന്ന കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദധാരിയായ മലയാളി യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവാണ് (36) മരിച്ചത്. ആറു മാസം മുമ്പാണ് സൂരജ് രാജീവ് ധ്യാനത്തിനായി നാരായണ പര്‍വതത്തിലേക്ക് പോയത്. നാരായണപര്‍വതത്തിന് മുകളിലെ ഗുഹക്കരികില്‍നിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുമ്പ് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തിങ്കളാഴ്ച ബദരീനാഥില്‍ അച്ഛന്‍ രാജീവിന്റെ സാന്നിധ്യത്തില്‍ അന്ത്യകര്‍മങ്ങള്‍ നടന്നു. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദധാരിയായ സൂരജ് പഠനം കഴിഞ്ഞതുമുതല്‍ യാത്രകളും ധ്യാനവുമായി ആത്മീയവഴിയിലാണ്.
എക്‌സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടി.ആര്‍.രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ്. കളമശ്ശേരി രാജഗിരി കോളേജില്‍ എന്‍ജിനീയറിങ്ങിന് പഠിക്കവെ അമേരിക്കയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. അവിടെ നിന്നാണ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയത്.അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തിരഞ്ഞെടുത്തു.
പുണ്യസ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുള്ള ഇദ്ദേഹം ഒടുവില്‍ ബദരീനാഥിലാണ് കേന്ദ്രീകരിച്ചത്. കഴിഞ്ഞവര്‍ഷം ജൂണില്‍ വീട്ടിലെത്തി മടങ്ങിയിരുന്നു. സെപ്റ്റംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്. നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാല്‍, സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10ന് ബദരീനാഥില്‍ നട തുറന്നപ്പോള്‍ സൂരജിനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപര്‍വതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























