'ശൈലി ഇതാണെന്ന് അറിഞ്ഞുകൊണ്ടല്ലേ പിണറായിയെ മുഖ്യമന്ത്രിയാക്കിയത്?; മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കാനം രാജേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പിണറായിയുടെ ശൈലി ഇതാണെന്ന് അറിഞ്ഞുകാണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നു കാനം ചോദിച്ചു. പിണറായിയുടെ ശൈലി തെരഞ്ഞടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് കാരണം ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ യോജിപ്പില്ലായ്മയാണ് മോദിയുടെ വിജയത്തിന് പ്രധാന കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം വര്‍ധിച്ചെന്നും അദ്ദേഹം വിലയിരുത്തി. തോല്‍വിയ്ക്ക് കാരണമായ എല്ലാ കാര്യങ്ങളും മുന്നണിയും പാര്‍ട്ടിയും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തിന് പിന്നാലെ കേരളം കാത്തിരുന്ന പ്രതികരണമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേത്. ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് പിണറായി മാധ്യമങ്ങൾക്ക് നൽകിയ മറുപടി വലിയ ചർച്ചയായിരുന്നു. ശൈലി മാറ്റില്ലെന്നും ഇൗ ശൈലി കൊണ്ട് തന്നെയാണ് ഇവിടെ വരെ എത്തിയതെന്നും പിണറായി പറഞ്ഞിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നൽകിയ വിധി അംഗീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനങ്ങൾക്ക് എന്തോ തെറ്റുപറ്റി. അതുകൊണ്ടാണ് വിധി ഇങ്ങനെയായതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു തെറ്റും പറ്റിയിട്ടില്ല. അതിനാൽ ശൈലി മാറ്റില്ലെന്നും പിണറായി പറയുന്നു. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുതെന്നാണെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. ഈ വിധി മോദി സർക്കാരിനും പിണറായി സർക്കാരിനുമെതിരായ ജനവിധിയാണ്. അത് മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല. ഒന്നും പ്രവർത്തിക്കാത്ത സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരായ ശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മനസ്സിലാകാത്ത ഒരേയൊരു വ്യക്തി മുഖ്യമന്ത്രിയാണ്. ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നെങ്കിൽ ബി.ജെ.പി. പത്തനംതിട്ടയിൽ ജയിക്കുമായിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിലുള്ള ആഗ്രഹം അറിയാതെ പുറത്തുവന്നതാണത്. ബി.ജെ.പി.യെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുർബലപ്പെടുത്തുക എന്ന തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമം കൊണ്ടാണത് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. നേതാക്കളെക്കാള്‍ വലുതാണ് ജനമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയും തിരിച്ചടിക്ക് ഇടയയാക്കിയ ഒരു കാരണമാണ്. അതേസമയം വിഷയത്തില്‍ കൃത്യമായ നിലപാടാണ് ഇടതു മുന്നണി സ്വീകരിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി തെറ്റായിപ്പോയെന്ന് അദ്ദേഹം തുറന്നടിച്ചു. വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് സമാവായം ഉണ്ടാക്കണമായിരുന്നു. തെരഞ്ഞെടിപ്പില്‍ വിശ്വാസികളെ കൂടെ നിര്‍ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
https://www.facebook.com/Malayalivartha
























