മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് എം വി ജയരാജന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച യുഡിഎഫ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് എം വി ജയരാജന്‍ പരിഹസിച്ചു.ഗാന്ധിക്ക് പകരം ഗോഡ്സയുടെ മൂല്യങ്ങളാണ് ബിജെപി പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയുടെ പുറത്തുവന്നതെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്‍റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്ക്കരിക്കുമ്ബോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ മോദി പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമര്‍ശം നടത്തുന്നതെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്‍റെ പ്രതികരണം.
മോദിയെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ സംഭവം രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കി
https://www.facebook.com/Malayalivartha
























