പൊളിച്ചടുക്കി സിപിഎം... മോദി അനുകൂല പോസ്റ്റ് ഇട്ടതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ ബിജെപിക്കാരനാക്കി സൈബര്‍പ്പട; അബ്ദുള്ളക്കുട്ടി ബിജെപി വിസയ്ക്ക് കാത്തിരിക്കുന്നുവെന്ന് എംവി ജയരാജന്‍; നടപടിയെടുത്ത് കോണ്‍ഗ്രസും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുള്ള കുട്ടിയെ വീണ്ടും തള്ളിപ്പറയുകയാണ്. മാത്രമല്ല അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസിലെടുത്തു എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അബ്ദുള്ളക്കുട്ടി ബിജെപി വിസയ്ക്ക് കാത്തിരിക്കുന്നു എന്നാണ് സിപിഎം നേതാവ് എം.വി. ജയരാജന്‍ പറഞ്ഞത്. ഗുജറാത്ത് മോഡലിനെ പ്രകീര്‍ത്തിക്കുകയും മോദിയെ സ്തുതിക്കുകയും ചെയ്യുന്ന അബ്ദുള്ള കുട്ടിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് ഇനിയെങ്കിലും ത്രാണിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അബ്ദുള്ളക്കുട്ടിയുടെ മോഡി സ്തുതിക്ക് കോണ്‍ഗ്രസ് നടപടിയുണ്ടായേക്കും. മോദിയെ പുകഴ്ത്തുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പേരില്‍ എ.പി. അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടാന്‍ കെ.പി.സി.സി. തീരുമാനമായി. അതേസമയം, സത്യസന്ധമായാണ് എഴുതിയതെന്ന് അവകാശപ്പെട്ട അബ്ദുള്ളക്കുട്ടി പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നു വ്യക്തമാക്കി.
ഗാന്ധിജിയുടെ നാട്ടുകാരനെന്ന നിലയില്‍ ഗാന്ധിയന്‍ മൂല്യം തന്റെ ഭരണത്തില്‍ പ്രയോഗിച്ചതാണു മോഡിയെ ജനപ്രിയനാക്കിയത്. നിങ്ങള്‍ ഒരു നയം ആവിഷ്‌കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മിക്കുക എന്നു ഗാന്ധിജി പറഞ്ഞു. മോഡി അതു കൃത്യമായി നിര്‍വഹിച്ചു' എന്ന അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണു വിവാദമായത്.
ശക്തമായ നടപടി വേണമെന്നാണു വ്യക്തിപരമായ നിലപാടെന്നു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് മുന്നിലുള്ളതിനാല്‍ പ്രത്യേകിച്ച് തെളിവെടുക്കേണ്ട ആവശ്യമില്ല. എങ്കിലും പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ വിജയകാരണം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ താനെഴുതിയതിനെ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം കണ്ടാല്‍മതിയെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. വികസന പദ്ധതികളാണു മോഡിക്കു വിജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ല. ദരിദ്രര്‍ക്കു പാചകവാതക കണക്ഷനും കക്കൂസുമൊക്കെ നല്‍കിയതുമൊക്കെ മോഡിക്കു വോട്ടായി മാറി. നാലുവരിപ്പാതയും ഗ്യാസ് പൈപ്പ്‌ലൈനുമൊക്കെ കൊണ്ടുവന്ന ഘട്ടത്തില്‍ പിണറായി വിജയനെ പ്രശംസിച്ചും ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
നേരത്തേ, എം.പിയായിരിക്കെ മോഡിയുടെ ഗുജറാത്ത് വികസന മോഡലിനെ പ്രകീര്‍ത്തിച്ചതാണ് അബ്ദുള്ളക്കുട്ടിക്കു സി.പി.എമ്മിനു പുറത്തേക്കു വഴി തുറന്നത്. കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ട ഘട്ടത്തില്‍ മോഡിയെ പ്രശംസിച്ചതു ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഡി.സി.സിയാണു കെ.പി.സി.സിക്കു പരാതി നല്‍കിയത്.
നരേന്ദ്ര മോദിയേയും, ബി.ജെ.പി സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അബ്ദുള്ളക്കുട്ടിയുടെ വാക്കുകളോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചോദിച്ചു. മോദിയ്ക്ക് വേണ്ടിയാണോ അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ കെ.സുധാകരന് വോട്ട് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കെ.പി.സി.സിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതികരണം ഈ വിഷയത്തില്‍ അറിയാന്‍ കേരളത്തിലെ മതേതര വിശ്വാസികളായ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും എ.എ.റഹീം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























