ഗവര്‍ണറെ വിസ്മയിപ്പിച്ച് മുതുകാടിന്റെ മാസ്മരികത

തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവത്തെ വിസ്മയിപ്പിച്ചും കുട്ടികളെ ആനന്ദിപ്പിച്ചും ചിന്തിപ്പിച്ചും മജീഷ്യന്‍ മുതുകാടിന്റെ ഫ്രീഡം മാജിക്. ദേശീയ ശിശുക്ഷേമസമിതി സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആതിഥേയത്വത്തില്‍ നടത്തുന്ന ഏഴ് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് ഫ്രീഡം എന്ന പേരില്‍ മാജിക് നടത്തിയത്. കുഞ്ഞുങ്ങള്‍ക്കെതിരെ ക്രൂരത വര്‍ദ്ധിച്ചുവരുന്ന സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുരുകന്‍ കാട്ടാക്കടയുടെ -പാതിവിടര്‍ന്നൊരു പൂ മൊട്ടു ഞാന്‍- എന്ന കവിതയെ ആസ്പദമാക്കി ഒരുക്കിയ മാജിക് കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
അതിന് ശേഷമാണ് ഗവര്‍ണറെ കൂടെ ഉള്‍പ്പെടുത്തി മുതുകാട് തന്റെ മാന്ത്രികത കാട്ടി കുട്ടികളുടെ മനംകവര്‍ന്നത്. സദസ്സില്‍ ഇരുന്ന യുവതിയുടെ വാച്ച് വാങ്ങി ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ ഐ.എ.എസിന്റെ തൂവാലയില്‍ പൊതിഞ്ഞ് ഒരു ചെറിയ ബോക്‌സിനുള്ളിലാക്കി. ശേഷം സദസ്സില്‍ ഒളിപ്പിച്ച് വെച്ച പെട്ടി പരിശോധിക്കാന്‍ കാണികളോട് പറഞ്ഞു. ഒരാള്‍ ആ പെട്ടിയുമായി മുന്നോട്ടെത്തി. ഗവര്‍ണര്‍ പി. സദാശിവത്തെ കൊണ്ട് പൊട്ടി തുറപ്പിച്ചു. അത്ഭുതം യുവതിയുടെ വാച്ചും ബിജുപ്രഭാകറിന്റെ തൂവാലയും അതിനുള്ളില്‍. ഗവര്‍ണ്ണറും ആരോഗ്യമന്ത്രിയും അന്തംവിട്ട് ചിരിച്ചു. മാജിക് ഏറെ ഇഷ്ടപ്പെട്ടെന്ന് മുതുകാടിനെ അഭിനന്ദിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. മാജിക്കിന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികളുടെ പാട്ടും നൃത്തവും മറ്റ് കലാപരിപാടികളും അരങ്ങേറി.
https://www.facebook.com/Malayalivartha
























