അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ പടവുകളിറങ്ങുന്നു

അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ പടവുകളിറങ്ങുന്നു. വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍. കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്.
വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ അനുവദിക്കണമെന്ന് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു. വൈകിയാല്‍ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും.
ആനുകൂല്യങ്ങള്‍ വൈകുമ്പോള്‍ പലിശയടക്കം നല്‍കേണ്ടിവരും. ഇത് സര്‍ക്കാരിന് വന്‍ബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയുംവേഗം നല്‍കാന്‍ തീരുമാനിച്ചത്. ഇത്തവണ വിരമിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കിന്റെ വിവരശേഖരണത്തില്‍ ഈവര്‍ഷം മേയ് 31ന് 56 വയസ്സെത്തുന്ന അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം.
വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലോ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ, ഇക്കൂട്ടത്തില്‍ സ്‌കൂള്‍ അധ്യാപകരില്ല. അവര്‍ മാര്‍ച്ച് 31നാണ് വിരമിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത് 1980കളുടെ പകുതിയോടെയാണ്. അക്കാലയളവില്‍ സര്‍വീസില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഈ വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. ഇതാണ് ഈ വര്‍ഷവും വരുന്ന ഏതാനും വര്‍ഷങ്ങളിലും കൂടുതല്‍പ്പേര്‍ വിരമിക്കുമെന്ന് അനുമാനിക്കാന്‍ കാരണം.
ജനന രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഒട്ടേറെപ്പേരുടെ ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്.
"
https://www.facebook.com/Malayalivartha
























