ചാതുര്‍വര്‍ണ്യകാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ബാഹ്മണര്‍ക്കുള്ള 'കാല്‍ കഴുകിച്ചൂട്ടല്‍' എന്നു വിമര്‍ശനം

കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന 'കാല്‍ കഴുകിച്ച് ഊട്ടലി'നെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. ജൂണ്‍ രണ്ട് മുതല്‍ നാലുവരെ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് ബ്രാഹ്മണര്‍ക്ക് കാല്‍കഴുകിച്ചൂട്ടല്‍ നടത്താന്‍ ക്ഷേത്രകമ്മിറ്റി സൗകര്യമൊരുക്കിയത്.
ജൂണ്‍ മൂന്നിന് ഉച്ചപൂജക്ക് ശേഷം തന്ത്രി മുണ്ടനാട്ട്മന പ്രമോദ് കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിന് ഓണപ്പുടവ, ദക്ഷിണ എന്നിവ ഉള്‍പ്പെടെ 500 രൂപ കൗണ്ടറിലടച്ച് രശീതി വാങ്ങാമെന്ന് നോട്ടീസില്‍ പറയുന്നു.
കാല്‍കഴുകിച്ചൂട്ടല്‍ കേരളത്തെ വീണ്ടും ചാതുര്‍വര്‍ണ്യകാലത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം. ആചാരം ലംഘിച്ചും പ്രക്ഷോഭത്തിലൂടെയും നേടിയ നവോത്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ആക്ഷേപമുയര്‍ന്നു.
അതേസമയം, സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും ബ്രാഹ്മണര്‍ക്ക് 'കാല്‍ കഴുകിച്ചൂട്ടല്‍' പതിവാണെന്നും ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴാം വര്‍ഷമാണ് ചടങ്ങ് നടത്തുന്നതെന്നും ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് യു. ശങ്കരനാരായണന്‍ നായര്‍ പറഞ്ഞു.
ഭഗവാനോട് തൊട്ടുനില്‍ക്കുന്ന വ്യക്തികളാണ് ബ്രഹ്മജ്ഞാനം സിദ്ധിച്ച ബ്രാഹ്മണര്‍. ഭക്തര്‍ സ്വമേധയ നടത്തുന്ന ഈ ചടങ്ങ് നേര്‍ച്ചയുടെയും ലക്ഷ്യസാക്ഷാത്കാരത്തിന്റെയും ഭാഗമാണ്. എതിര്‍പ്പ് ആചാരങ്ങളെപ്പറ്റി അറിവില്ലാത്തതിനാലാണ്. ഇതര മതങ്ങളിലെപോലെ കാല്‍ കഴുകി ശുശ്രൂഷയല്ല ഇതെന്നും ബ്രാഹ്മണനെ സല്‍ക്കരിച്ചിരുത്തി പുണ്യാഹം തളിക്കലും പൂജയുമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























