രാഹുൽ എത്തുന്നു വയനാടൻ മണ്ണിലേക്ക് ; വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിജയിപ്പിച്ച വോട്ടര്‍മാരെ കണ്ട് നന്ദിപറയാനായി വയനാടിന്റെ മണ്ണിലേക്ക് വരുന്നു

വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ മണ്ണിലേക്ക് വരുന്നു. തന്നെ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാരെ കണ്ട് നന്ദി പറയാനാണ് രാഹുൽ കേരളത്തിലേക്ക് എത്തുന്നത്. അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച് കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. ട്വീറ്ററിലൂടെയായിരുന്നു അറിയിപ്പ്. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഹുല്‍ ഗാന്ധി - വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ദില്ലി വിട്ട് പുറത്തു പോയിട്ടില്ല. അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്.
അതേസമയം വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുല്‍ഗാന്ധി കത്തില്‍ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. വയനാട്ടിലെ പരമ്പരാഗത ഇടതുവോട്ടുകലും ഇത്തവണ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി. 2014 ല്‍ എം.ഐ ഷാനവാസിന്റെ ഭൂരിപക്ഷത്തിന്റെ ഇരുപതിരട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ലീഡ്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച പണം പോയി.
2014 നേക്കാള്‍ ഒന്നേമുക്കാല്‍ ലക്ഷം അധികം വോട്ടുകള്‍ ഇത്തവണ പോള്‍ ചെയ്തപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ എണ്‍പത്തി ഒന്നായിരം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞു. 274597 വോട്ടുകളാണ് പിപി സുനീര്‍ നേടിയത്. എല്‍ഡിഎഫിന്റെ പക്കലുള്ള നാല് നിയോജക മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷം രാഹുല്‍ സ്വന്തമാക്കി.
കഴിഞ്ഞ തവണ വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.ഇക്കുറി ഒരു ലക്ഷത്തി എണ്‍പെത്തെട്ടായിരത്തി എണ്ണൂറ്റിയമ്പത് വോട്ടുകളുടെ ലീഡാണ് ഈ മൂന്ന് മണ്ഡലങ്ങള്‍ യുഡിഎഫിന് നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കിയ നിയോജക മണ്ഡലം ബത്തേരിയാണ്. 70465 വോട്ടുകളുടെ മുന്‍തൂക്കം.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി സമാഹരിച്ചത് രണ്ടു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റി പതിമൂന്ന് വോട്ടുകളുടെ ലീഡാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ടുകളാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ടുകളുടെ കുറവാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക്. വയനാടിന്റ വികസനപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഹുലിന്റെ പ്രസംഗങ്ങളും മണ്ഡലത്തെ കൈവിടില്ലെന്ന പരാമര്‍ശവും വോട്ടര്‍മാരുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തി എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























