കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം;മൂന്നാമത് സത്യവാചകം ചൊല്ലിയെങ്കിലും രണ്ടാമൻ അമിത്ഷാ തന്നെ

നരേന്ദ്രമോദി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് അമിത് ഷാ. നരേന്ദ്ര മോദിയ്ക്ക് ശേഷം മൂന്നാമതായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തതെങ്കിലും അദ്ദേഹത്തിന് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കതിലൂടെ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന പദവിയാണ് ഫലത്തില്‍ അമിത് ഷായ്ക്ക് കൈവരുന്നത്. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. ഈ സാഹചര്യത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് എ ജയശങ്കർ. റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ തമ്മിൽ എന്ന് ജയശങ്കർ പരിഹസിച്ചു. വരും നാളുകളിൽ മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയാകും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്‌പോസ്റ്റ് പൂർണരൂപം ഇങ്ങനെ;
മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണ്. രാജ്നാഥ് സിങിനു പോലുമുണ്ടാവില്ല അക്കാര്യത്തിൽ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നൽകിയിരിക്കുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം.
മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോൾ ഷായെ പാർട്ടി അധ്യക്ഷനാക്കി. രണ്ടാമതും അധികാരത്തിലേറുമ്പോൾ ആഭ്യന്തര വകുപ്പ് തന്നെ ഏല്പിച്ചു. റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ. മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയാകും, വരും നാളുകളിൽ എന്നും ഫേസ്ബുക്കിൽ കുറിച്ചു.
കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍, മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി, അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം എന്നിവയാണ് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നേരിടാനിരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. പ്രശ്‌നങ്ങളെ ശക്തമായി നേരിടുന്നതില്‍ നേരത്ത ഗുജറാത്തിലും പിന്നീട് പാര്‍ട്ടിയിലും അമിത് ഷാ പ്രകടിപ്പിച്ച ശൈലി തന്നെയായിരിക്കും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന നിലയിലും അദ്ദേഹം കാഴ്ചവെയ്ക്കുക. ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ബിജെപിയുടെ പ്രകടന പത്രിക മുന്നോട്ടുവെച്ച കാര്യങ്ങള്‍ ശക്തമായി നടപ്പിലാക്കാനാവും അമിത് ഷാ ശ്രമിക്കുക. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഏറ്റവും പ്രാധാന്യം നല്‍കിയ വിഷയം ആഭ്യന്തര സുരക്ഷയാണ്.
രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്. മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവവിഭവശേഷി മന്ത്രിയാകും.
കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും. 25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
https://www.facebook.com/Malayalivartha
























