ദേശീയ സഹവാസ ക്യാമ്പിലെ കുട്ടികള്‍ പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചു; തിരുവിതാംകൂറിന്റെ പൈതൃകം കണ്‍കുളിര്‍ക്കെ കണ്ടറിഞ്ഞു

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ നടന്നവര്‍ രാജപ്രതാപ കാലത്തെ കഥകളും സംഭവങ്ങളും പൈതൃകവും തൊട്ടറിഞ്ഞു. ചരിത്രവും മിത്തും കെട്ട്പിണഞ്ഞ് കിടക്കുന്ന സംഭവങ്ങള്‍ കേട്ട് കുട്ടികളുടെ ആകാംഷ ആകാശത്തോളം ഉയര്‍ന്നു. ദേശീയ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഇന്നലെ പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചത്.
രാജാക്കന്‍മാര്‍ പ്രജകളുടെ പരാതികള്‍ കേട്ടിരുന്ന പൂമുഖം ഇന്നും അതേ പ്രൗഢിയില്‍ നില്‍ക്കുന്നു. പഞ്ചാബില്‍ നിന്ന് വന്ന അമൃത്കൗറിനോട് ഗൈഡ് അക്കാര്യം വിവരിച്ചപ്പോള്‍ അവള്‍ക്ക് അത്ഭുതം. രാജവും മന്ത്രിമാരും തീരുമാനങ്ങളെടുത്തിരുന്ന രാജസഭയും രാജകുമാരിമാര്‍ അണിഞ്ഞൊരുങ്ങിയിരുന്ന മുറിയും വേനല്‍ക്കാലത്ത് രാജാവ് കിടന്നിരുന്ന കല്ല് കൊണ്ടുള്ള കട്ടിലും കണ്ടപ്പോള്‍ ജനാധിപത്യത്തിലെ കുഞ്ഞുപ്രജകള്‍ക്ക് കൗതുകം. പണ്ട് പട്ടാളത്തിലെടുക്കണമെങ്കില്‍ കൊട്ടാരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന നാല്‍പ്പത് കിലോയോളം വരുന്ന കല്ല് 108 തവണ എടുക്കണമായിരുന്നു. മൂന്നാംനിലയിലെ കിളിവാതിലിലൂടെ രാജാവത് വീക്ഷിച്ചിരുന്നു. അങ്ങനെ തിരുവിതാംകൂറുമായും രാജാക്കന്‍മാരുമായും ബന്ധപ്പെട്ട് കിടക്കുന്ന എല്ലാം മനസ്സിലാക്കിയാണ് ക്യാമ്പ് അംഗങ്ങള്‍ മടങ്ങിയത്.
രാവിലെ കൊട്ടാരത്തിലെത്തിയ കുട്ടികളെ കൊട്ടാരം ചാര്‍ജ്ജ് ഓഫീസര്‍ സി.എസ് അജിത് കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഓരോ സംസ്ഥാനത്തെ കുട്ടികള്‍ക്കും അവരുടെ മാതൃഭാഷയില്‍ കൊട്ടാരത്തിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രം പറഞ്ഞ് കൊടുക്കാന്‍ പ്രത്യേകം ഗൈഡുകളുണ്ടായിരുന്നു. സംസ്ഥാന ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, ഭാരവാഹികളായ പശുപതി, അരുണ്‍ ഗോപി, ആറ്റുകാല്‍ പ്രദീപ്, പ്രോഗ്രാം ഓഫീസര്‍ പി. ശശിധരന്‍ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























