നാനാത്വത്തില്‍ ഏകത്വം വിളിച്ചോതി സഹവാസ ക്യാമ്പിലെ കുട്ടികള്‍ കന്യാകുമാരി സന്ദര്‍ശിച്ചു

തിരുവനന്തപുരം: 'കന്യാകുമാരി കടല്‍ത്തിരകള്‍ മണ്ണില്‍ക്കുറിക്കുന്നതെന്താണ്, നമ്മുടെ ഭാരതമെന്നാണ്, അതില്‍ നമ്മളെല്ലാവരും ഒന്നാണ്' എന്ന കവി വാക്യവും ഇന്ത്യയുടെ സൗന്ദര്യമായ നാനാത്വത്തില്‍ ഏകത്വവും തുളുമ്പി നിന്ന യാത്ര അവസാനിച്ചത് ഭാരതത്തിന്റെ തെക്കേമുനമ്പായ ക്യാകുമാരിയില്‍. ദേശീയ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ദേശീയ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ ഇന്നലെ ത്രിവേണി സംഗമഭൂമിയില്‍ ഒന്നിച്ചത്. നമ്മളൊന്നാണ്, ഭാഷ, വേഷം, ജാതി, മതം, സംസ്‌കാരം എന്നീ അതിര്‍വരമ്പുകള്‍ക്ക് ഞങ്ങളെ വേര്‍തിരിക്കാനാവില്ലെന്ന് വിവേകാനന്ദപ്പാറയില്‍ എത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ വിടര്‍ന്ന ആഹഌദം പറയാതെ പറഞ്ഞു.
പഞ്ചാബില്‍ നിന്നെത്തിയ ഗഗനും അമൃത് കൗറിനും ത്രിപുരയിലെ അബേലിനും ആന്ധ്രയിലെ വംശിക്കും ഗുജറാത്തിലെ സുശീലിനും ക്രിഷിനും മേഘാലയായിലെ മന്‍ഹാഖാനി ലമാറേയ്ക്കും സ്റ്റാച്ച്യും ടജുംബെനിലയ്ക്കും എബ്രിയന്റാ ഷാനോണ്‍ ബെരെ , വനേയത നോന്‍ബ്രി എന്നിവര്‍ക്ക് ഇന്ത്യയുടെ തെക്കേ അറ്റത്ത് ഇനിയും വരാനാകുമോ എന്നറിയില്ല, എങ്കിലും ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്രയില്‍ സ്വാമി വിവേകാനന്ദന്‍ എത്തി ധ്യാനമിരുന്നിടത്ത് എത്തിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി അവര്‍ പറയുന്നു.
ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക്കിന്റെ നേതൃത്വത്തിലാണ് സംഘം യാത്ര നടത്തിയത്. ഭാരവാഹികളായ ജി. രാധാകൃഷ്ണന്‍, പശുപതി, ആറ്റുകാല്‍ പ്രദീപ്, ജി.എല്‍ അരുണ്‍ ഗോപി തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























