മൂന്നു പതിറ്റാണ്ടോളം സൗദി രാജകുമാരനായി നാട്ടുകാരെ പറ്റിച്ചു കഴിഞ്ഞയാള്‍ പിടിയില്‍

രാജകുമാരനായി രാജകീയമായി കഴിഞ്ഞയാള്‍ പിടിയില്‍. സൗദി രാജകുമാരനായി ആള്‍മാറാട്ടം നടത്തി 30 വര്‍ഷത്തോളം നാട്ടുകാരെ പറ്റിച്ച് ജീവിച്ച അമേരിക്കന്‍ പൗരനാണ് ഒടുവില്‍ പിടിവീണത്. അന്തോണി ഗിഗ്‌നാക് (48) നാണ് 18 വര്‍ഷം തടവും 80 ലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചത്.
സൗദിയിലെ ഖാലിദ് ബിന്‍ അല്‍സൗദ് എന്ന പേരില്‍ മിയാമിയെ ആഡംബര ഫിഷര്‍ ഐലന്റില്‍ താമസിച്ചു വരികയായിരുന്നു അന്തോണി. ആഡംബര ഫെരാരി കാറിലാണ് യാത്ര. സൗദി രാജകുമാരന്റെ പേരില്‍ നയതന്ത്ര ലൈസന്‍സ് പ്ലേറ്റും ഇയാള്‍ സംഘടിപ്പിച്ചിരുന്നു.
വ്യാജ നയതന്ത്ര പേപ്പറുകള്‍ സംഘടിപ്പിച്ച ഇയാള്‍ അംഗരക്ഷകരെയും ഒപ്പം കൂട്ടിയിരുന്നു. രാജകീയ പ്രോട്ടോകോള്‍ എല്ലാം ഇയാള്‍ നേടിയെടുത്തു. നിക്ഷേപകരില്‍ നിന്ന് സമ്മാനങ്ങളും സംഭാവനകളും നേടിയാണ് സുഖവാസം നടത്തിയിരുന്നത്.
വസതിയുടെ മുന്‍പില്‍ 'സുല്‍ത്താന്‍' എന്ന് രേഖപ്പെടുത്തിയിരുന്നു. ആളുകളില്‍ നിന്ന് സംഭാവനയും സ്വീകരിച്ചിരുന്ന ഇയാള്‍ക്ക് നിരവധി പേരാണ് ബാങ്ക് അക്കൗണ്ടിലൂടെ പണം നല്‍കിയത്. ഈ തുക മുഴുവന്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങാനും ആഡംബര നൗകകളിലും ജെറ്റുകളിലൂം യാത്രയ്ക്കാണ് ഉപയോഗിച്ചിരുന്നത്.
2017ലാണ് ഇയാള്‍ മിയാമിയില്‍ എത്തിയത്. അതിനു മുന്‍പേ ഖാലിദ് രാജകുമാരന്‍ എന്ന പേര് സ്വീകരിച്ചിരുന്നു. കൊളംബിയയില്‍ ജനിച്ച അന്തോണിയെ മിഷിഗണിലുള്ള ഒരു കുടുംബം ഏഴാം വയസ്സില്‍ ദത്തെടുത്ത് വളര്‍ത്തിയതായിരുന്നു. 17ാം വയസ്സിലാണ് ആദ്യ തട്ടിപ്പ് നടത്തിയത്. പല തവണ പിടിക്കപ്പെട്ടുവെങ്കിലും താന്‍ 'ഖാലിദ് രാജകുമാരനാണെന്ന' വിവരം ഇയാള്‍ പുറത്തുവിട്ടിരുന്നില്ല.
എന്നാല്‍ ഒരിക്കല്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെ അന്തോണി പന്നിയിറച്ചി വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കള്ളിപൊളിഞ്ഞത്. പന്നിയുടെ തുടയും ഉണക്കിയ പന്നിയിറച്ചി വിഭവങ്ങളുമെല്ലാം 'ഖാലിദ് രാജകുമാരന്‍' അകത്താക്കി. സൗദി രാജകുടുംബത്തിലെ ഒരാള്‍ പന്നിയിറച്ചി ഭക്ഷിക്കുന്നത് കണ്ട് ഞെട്ടിയ റിയല്‍ എസ്‌റ്റേറ്റുകാരന്‍ നല്‍കിയ പരാതിയാണ് അന്തോണിയുടെ കള്ളത്തരം പൊളിച്ചത്.
2017 നവംബറില്‍ അന്തോണി അറസ്റ്റിലായി. 18 കൗണ്ട് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആള്‍മാറാട്ടവും ഇലക്‌ട്രോണിക് തട്ടിപ്പും എല്ലാം ഇതില്‍പെടും.
https://www.facebook.com/Malayalivartha
























