കാന്‍സര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് യുവതിക്ക് കീമോതെറാപ്പി; സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിക്ക് ചികിത്സാ പിഴവ്

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര ചികിത്സ പിഴവ്. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് യുവതിക്ക് കീമോതെറാപ്പി നല്‍കി. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിൽ സംഭവിച്ച ഗുരുതര പിഴവിന്റെ അടിസ്ഥാനത്തില്‍ ദുരിത ജീവിതം അനുഭവിക്കുകയാണ് ആലപ്പുഴ കുടശനാട് സ്വദേശി രജനി. സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ രജനിയുടെ ജീവിതത്തെ ഒന്നടകം മാറ്റിമറിച്ചു.
മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് രജനി. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്കു നിര്‍ദേശിക്കുകയും ചെയ്തു. തുടർന്ന് രജനിയെ കീമോ തെറാപ്പിക്ക് വിധേയ ആക്കുകയായിരുന്നു . ഒറ്റത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും പ്രകടമായി.
ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.
മെഡിക്കല്‍ കോളജ് ലാബിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്നു തെളിഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു കീമോതെറപ്പി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























