കേരളം കണ്ട് മതിവരാതെ കുട്ടികള്‍; ദേശീയ സഹവാസ ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം: ഗുജറാത്തില്‍ നിന്നെത്തിയ സോണി തൃഷയ്ക്കും റാത്തോഡ് ഹര്‍ഷിനും കേരളം വിട്ട് പോകാന്‍ മടിയാണ്, കൂടെയുള്ള ഷാ ട്വീസ്റ്റയ്ക്കും സുത്തരിയ ഹര്‍ഷിനും മാജിക് പ്ലാനെറ്റില്‍ വീണ്ടും പോകണം മക്വീന്‍ ആയുഷിനും ഷാ ധര്‍മശ്രീയ്ക്കും ഒരാഴ്ച കഴിഞ്ഞ് പോയാമതി. ദേശീയ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സഹവാസ ക്യാമ്പ് ഇന്ന് അവസാനിക്കുമ്പോള്‍ ഇവര്‍ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വന്ന കുട്ടികള്‍ പിരിയുന്നതിന്റെ സങ്കടത്തിലാണ്. കഴിഞ്ഞ മാസം 28ന് ആരംഭിച്ച ക്യാമ്പില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 280 കുട്ടികളാണ് പങ്കെടുത്തത്.
ഗുജറാത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ ആറ് കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അവരെ സംബന്ധിച്ച് സ്വര്‍ഗം പോലെയായിരുന്നു കഴിഞ്ഞ ഒരാഴ്ചയെന്ന് കൂടെ വന്ന ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു. അവരുടെ ജീവിത സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ വരാനും കന്യാകുമാരി ഉള്‍പ്പെടെയുള്ള അതിമനോഹരമായ സ്ഥലങ്ങളില്‍ പോകാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. ത്രിപുരയില്‍ നിന്നെത്തിയ ശ്രീഷാ ചക്രബര്‍ത്തിക്ക് പനിയായതിനാല്‍ കന്യാകുമാരിയില്‍ പോകാന്‍ കഴിയാത്തതിന്റെ സങ്കടമുണ്ട്. താമസിക്കാതെ വീട്ടുകാരുമൊത്ത് കേരളത്തിലും കന്യാകുമാരിയിലും വരുമെന്ന് ശ്രീഷ പറഞ്ഞു. ത്രിപുരയിലെ മൃഗശാലകളില്‍ ഇല്ലാത്ത കടുവ, കിംഗ് കോബ്ര, അനാക്കോണ്ട എന്നിവയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആബേല്‍ ഡി ബര്‍മ. അവിടുത്തെ മൃഗശാലയില്‍ മൃഗങ്ങള്‍ വളരെ കുറവാണെന്നും ആബേല്‍ പറഞ്ഞു.
കുസും, അനൂജ് - രണ്ട് പേരും പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഇരുവരും പഞ്ചാബില്‍ നിന്നാണ് എത്തിയത്. വളരെ ചെറിയ പ്രായത്തില്‍ ഇന്ത്യയുടെ തെക്കേ മുനമ്പില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മേഘായായില്‍ നിന്നെത്തിയ താജുന്‍, റാം, അബ്രിയാന്‍ഡാ, വനീസാ എന്നിവര്‍. തെന്‍മലയിലെ സാഹസിക വിനോദയാത്രയും ഇവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുമായെത്തിയാണ് ആസാം ചൈല്‍ഡ് വെല്‍ഫയര്‍ വ്യത്യസ്തമായത്. ഇവര്‍ക്കെല്ലാം പുറമേ ആന്ധ്രാ, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ചത്തീസ്ഘഡ്, മഹാരാഷ്ട്ര തുടങ്ങിയ 20 സംസ്ഥാനങ്ങളിലെ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു. സമാപനച്ചടങ്ങ് ഇന്ന് രാവിലെ 11ന് നടക്കും.
https://www.facebook.com/Malayalivartha
























