ഇല്ലാത്ത കാന്‍സറിന് കീമോ...യുവതിയെ കൈവിടാതെ ശൈലജ ടീച്ചർ ; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിൽ സംഭവിച്ച ഗുരുതര പിഴവിന്റെ അടിസ്ഥാനത്തില്‍ ദുരിത ജീവിതം അനുഭവിക്കുകയാണ് ആലപ്പുഴ കുടശനാട് സ്വദേശി രജനി. സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ രജനിയുടെ ജീവിതത്തെ ഒന്നടകം മാറ്റിമറിച്ചു.
മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് രജനി. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്കു നിര്‍ദേശിക്കുകയും ചെയ്തു. തുടർന്ന് രജനിയെ കീമോ തെറാപ്പിക്ക് വിധേയ ആക്കുകയായിരുന്നു . ഒറ്റത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും പ്രകടമായി.
ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.
മെഡിക്കല്‍ കോളജ് ലാബിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്നു തെളിഞ്ഞു. അതേസമയം, തെറ്റായ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണില്‍ സംസാരിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























