പ്രകാശനും വിഷ്ണുവും സ്വർണകടത്തിന് ബാലഭാസ്കറെ മറയാക്കിയോ? വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഉപയോഗിച്ച് സുഹൃത്തുക്കൾ സ്വർണ്ണം കടത്തിയിരുന്നോ എന്ന സംശയത്തിൽ റവന്യു ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഉപയോഗിച്ച് സുഹൃത്തുക്കൾ സ്വർണ്ണം കടത്തിയിരുന്നോ എന്ന സംശയത്തിൽ റവന്യു ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപെട്ട വാഹനത്തിൽ സ്വർണം അടങ്ങിയ ഒരു പെട്ടി ഉണ്ടായിരുന്നതായി ബാലഭാസ്കറുടെ കുടുംബം സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് ബാലഭാസ്കർ അറിയാതെ അദ്ദേഹത്തെ, പിടിയിലായ സ്വർണകടത്തുകൾ ഉപയോഗിച്ചിരുന്നോ എന്ന സംശയം ബലപ്പെട്ടിരിക്കുന്നത്.
ബാലഭാസ്കറിന് സംഭവത്തിൽ ബന്ധമുണ്ടെന്ന് റവന്യു ഇന്റലിജൻസ് കരുതുന്നില്ലെങ്കിലും ഭാവിയിൽ അത്തരം സാധ്യതകളിലേക്ക് അന്വേഷണം നീളുമോ എന്ന കാര്യം തള്ളികളയാനാവില്ല. അത്തരം സംശയങ്ങൾ തത്കാലമില്ലെന്ന് മാത്രമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ എല്ലാ സാധ്യതകളും അന്വേഷിക്കും.
ബാലഭാസ്കറിന്റെ വാഹനാപകടത്തെ കുറിച്ച് വിശദവും വ്യക്തവുമായ അന്വേഷണം നടത്താതെ സംസ്ഥാന പോലീസ് ആരുടെയെങ്കിലും സമ്മർദ്ദത്തിനു വഴങ്ങി അന്വേഷണം അട്ടിമറിച്ചോ എന്ന കാര്യവും അന്വേഷിക്കാൻ റവന്യൂ ഇന്റലിജൻസ് തീരുമാനിച്ചിട്ടുണ്ട് . ഇത്തരത്തിൽ ചില സംശയങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ അപകടത്തെ കുറിച്ചുള്ള തെളിവുകൾ ലഭിക്കാനുള്ള സാധ്യത മങ്ങി. ബാലഭാസ്കറിന്റെ അഛൻ പരാതി നൽകിയപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഇതിനിടയിൽ കാറിനുള്ളിലെ രക്തകറയുടെ സാമ്പിളുകൾ ശേഖരിക്കാൻ വൈകി. അതുകൊണ്ട് തന്നെ അന്വേഷണം നടത്തി കൊലപാതകമാണോ എന്ന് തെളിയിക്കാനുള്ള സാധ്യത കുറവാണ്.
ബാലഭാസ്കറും കുടുംബവും സ്ഥിരം വിദേശ യാത്രകൾ നടത്തിയിരുന്നു. സ്വർണ കടത്തിൽ പിടിയിലായ പ്രകാശനും വിഷ്ണുവുമായി അടുത്ത ബന്ധമാണ് ബാലഭാസ്കറിനും ഭാര്യക്കും ഉണ്ടായിരുന്നത്. പ്രകാശനും വിഷണുവും പറഞ്ഞാൽ ഇവരുടെ കുടുംബത്തിൽ മറുവാക്ക് ഉണ്ടായിരുന്നില്ല. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി പ്രകാശനും വിഷ്ണുവിനും അടുത്ത ബന്ധമുണ്ട്. ബാലഭാസ്കറിനും ഇത്തരം ചില ബന്ധങ്ങൾ ഉണ്ട്. അത് കോളേജ് വിദ്യാഭ്യാസ കാലത്ത് ഉണ്ടായതാണ്. ഇത്തരം ബന്ധങ്ങൾ അഛന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തെ വഴിമുട്ടിച്ചോ എന്നും ഇന്റലിജൻസ് അന്വേഷിക്കുന്നു.
ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം നീങ്ങിയത്. എന്നാൽ ക്രൈംബ്രാഞ്ച് ഇങ്ങനെയൊരു നിഗമനത്തിൽ എങ്ങനെയെത്തി എന്നാണ് റവന്യു ഇന്റലിജൻസിന് അറിയേണ്ടത്. മരിച്ച വ്യക്തിയുടെ പിതാവ് നൽകിയ പരാതി പോലും വേണ്ടത്ര അന്വേഷിച്ചില്ല എന്നിടത്ത് ഇന്റലിജൻസ് ഒരു താളപിഴ കണ്ടെത്തുന്നു. ആരൊക്കെയോ ചേർന്ന് എന്തൊക്കെയോ മറയ്ക്കുന്നു എന്ന സംശയമാണ് ഇന്റലിജൻസിനുള്ളത്. പ്രത്യേകിച്ച് ബാലഭാസ്കറിന്റെ പിതാവ് തന്റെ മകന്റെ മരണത്തിന് പിന്നിൽ ചില സംശയങ്ങൾ തേടുമ്പോൾ.
ബാലഭാസ്കറിന്റെ പണമിടപാടുകളും റവന്യൂ ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ അക്കൗണ്ടിൽ നിന്നും ആർക്കൊക്കെ പണം കൈമാറിയിട്ടുണ്ടെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബാലഭാസ്കറുടെ അസ്വാഭാവിക മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നടന്ന ക്രയവിക്രയങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
https://www.facebook.com/Malayalivartha
























