ദേശീയ സഹവാസ ക്യാമ്പ് സമാപിച്ചു; വൈവിധ്യത്തില്‍ നിന്ന് ഐക്യം ശക്തിപ്പെടുത്തി അവര്‍ പിരിഞ്ഞു

തിരുവനന്തപുരം: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പല ഭാഷകളും സംസ്‌ക്കാരങ്ങളുമായി എത്തിയ മുന്നൂറോളം കുട്ടികള്‍, രാജ്യത്തിന്റെ സൗന്ദര്യമായ നാനാത്വത്തില്‍ ഏകത്വത്തില്‍ കെട്ടിപ്പുണര്‍ന്ന ശേഷം പിരിഞ്ഞു, ഒരാഴ്ച നീണ്ട ദേശീയ സഹവാസക്യാമ്പിന്റെ സമാപനം ഇന്നലെ കനകക്കുന്ന് കൊട്ടാരത്തില്‍ നടന്നപ്പോള്‍ പലര്‍ക്കും വിടപറയാന്‍ മടി. ഇനി എന്ന് കാണുമെന്ന് ഉറപ്പില്ലെങ്കിലും രാജ്യത്തിന്റെ ഭാവിപ്രതീക്ഷകളാകാനുള്ള കരുത്ത് തങ്ങളോരോരുത്തരും ക്യാമ്പിലൂടെ ഊതി ഉരുക്കിയെടുത്തെന്ന് ഇവരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
നാളത്തെ നല്ല പൗരന്‍മാരായി നിങ്ങളോരോരുത്തരും മാറുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മേയ് 28ന് തുടങ്ങിയ ക്യാമ്പില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കി. കേരളത്തിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശനവും നടത്തി. മാജിക് പ്ലാനറ്റ്, പ്ലാനറ്റോറിയം, മൃഗശാല, വേളി, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.
ക്യാമ്പിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാങ്ങള്‍ വിതരണം ചെയ്തു. യു.പി വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേഹ എസും അസമിലെ സാബിത്രി ദാസ്, പഞ്ചാബിലെ അനുഷ്‌കുമാര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. എച്ച്. എസ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള അതുല്‍കൃഷ്ണ, ഹൃദ്യ, ഗൗരിലക്ഷ്മി എന്നിവരും വിജയികളായി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കും അവര്‍ക്ക് കൂട്ടുവന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ് പി ദീപക് അധ്യക്ഷനായി. ദേശീയ ശിശുക്ഷേമസമിതി ഭാരവാഹി പി. കൃഷ്ണന്‍, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, ഭാരവാഹികളായ പശുപതി, അരുണ്‍ ഗോപി, ആറ്റുകാല്‍ പ്രദീപ് എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























