കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം; ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്; വിമർശനവുമായി കെ. സുരേന്ദ്രൻ

കൊച്ചിയിൽ പനി ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിന് നിപ്പയാണെന്ന് സംശയം ശക്തമായതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം തന്നെ കൊച്ചിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. നിപ്പ ഭീതിയിൽ കേരളം ഒരുമിച്ച് നിൽക്കുമ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കേന്ദ്രം കേരളത്തിന് വൈറോളജി ലാബ് തുടങ്ങാനുള്ള പണം അനുവദിച്ചിട്ടും ഇതുവരെ നടപ്പിലാക്കിയില്ലെന്ന വിമർശനമാണ് സുരേന്ദ്രൻ ഉയർത്തുന്നത്. നിപ്പ ഭീതി വീണ്ടും ഉയരുമ്പോൾ ഫലം കിട്ടാനായി കേരളം പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പനോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത് എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളത്ത് പനി ബാധിച്ച രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂര്‍ണമായി ഉറപ്പ് വരണമെങ്കില്‍ പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം അനുസരിച്ച് യുവാവിന് 'നിപ' ബാധയുടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് അന്തിമമല്ല. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാംപിളുകൾ അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം ഉച്ചയോടെ മാത്രമേ വരൂ. അതനുസരിച്ചാകും ആരോഗ്യവകുപ്പിന്‍റെ തുടർനടപടികൾ. യുവാവിന്‍റെ വീടുള്ള തൃശ്ശൂരിലും ഡിഎംഒയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നിരുന്നു.
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെബന്ധുക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്. 'നിപ' രോഗലക്ഷണങ്ങളുണ്ടെന്ന സൂചന ലഭിച്ച ഉടൻ തന്നെ യുവാവിനെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.
കൊച്ചിയിലെ ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. മരുന്നുകൾ എത്തിച്ചിട്ടുണ്ട്.
കുട്ടിയുടെ തലച്ചോറിനെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇത് പടരാൻ സാധ്യതയില്ലെന്ന് തൃശ്ശൂർ ഡിഎംഒ ഡോ. കെ ജെ റീന അറിയിച്ചിരുന്നു. മെയ് 20 മുതൽ 24 വരെയാണ് യുവാവ് തൃശ്ശൂരിലുണ്ടായിരുന്നത്. തൃശ്ശൂരിലും എല്ലാ തരത്തിലുമുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്. പനിയുടെ ഉറവിടം തൃശ്ശൂരല്ല. കാരണം തൃശ്ശൂരിലെത്തുമ്പോൾ യുവാവിന് പനിയുണ്ടായിരുന്നു. തൃശ്ശൂരിൽ തൊഴിലധിഷ്ഠിത കോഴ്‍സിന്‍റെ ഭാഗമായി പോയ യുവാവ് നാലാം ദിവസം കൊച്ചിയിലേക്ക് മടങ്ങി. യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമില്ല. അടുത്തിടപഴകിയിരുന്നത് 6 പേരാണ്. അവർക്ക് വൈറസ് ബാധിക്കാൻ സാധ്യതയില്ലെന്നും, അവർക്കിതുവരെ ഒരു രോഗലക്ഷണവും കാണുന്നില്ലെന്നും തൃശ്ശൂർ ഡിഎംഒ അറിയിച്ചു. തൃശ്ശൂരിൽ കുട്ടി താമസിച്ചിരുന്ന പ്രദേശം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതുവരെ ആശങ്കപ്പെടേണ്ട ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























