അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ഞാൻ ആഗ്രഹിക്കുന്നു; അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു; അപകടത്തില്‍ നിന്നും നേട്ടമുണ്ടാവുന്ന തരത്തിലുള്ള നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന മട്ടിലുള്ള ആരോപണങ്ങള്‍ മാനസികമായി തളര്‍ത്തുന്നതായി ലക്ഷ്മി

വാഹനാപകടത്തിൽ മരിച്ച ബാലഭാസ്കറിന്റെയും മകളുടെയും മരണം അസ്വാഭാവിക മരണമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ പ്രതികരണവുമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
ബാലഭാസ്‌കറിന്റെ അപകടത്തില്‍ നിന്നും നേട്ടമുണ്ടാവുന്ന തരത്തിലുള്ള നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന മട്ടിലുള്ള ആരോപണങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തുന്നതായി ലക്ഷ്മി പ്രതികരിച്ചു. "അപകടത്തില്‍ നിന്നുള്ള പരുക്കുകള്‍ ഇനിയും ഭേദമാവാത്തതിനാല്‍ കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇപ്പോഴും പരസഹായം വേണം. അമ്മയാണ് ഒപ്പമുള്ളത്. ഈ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാനാവുക എന്നതാണ് ഇപ്പോഴത്തെ ഒരേയൊരു ആഗ്രഹം", ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി ബാലഭാസ്‌കര്‍ പ്രതികരിച്ചത്.
മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലഭാസ്‌കറെന്നും ബാലുവില്‍ തനിക്ക് നെഗറ്റീവ് ആയി തോന്നിയ ഒരേയൊരു സ്വഭാവവിശേഷം അതായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. "തന്റെ കലയില്‍ ഒട്ടും വിട്ടുവീഴ്ച കാട്ടാത്ത ആളായിരുന്നു ബാലു. ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തത്തിലാവുന്നത്?", ലക്ഷ്മി ചോദിക്കുന്നു.
ബാലഭാസ്‌കര്‍ തുടങ്ങിവച്ച വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ലക്ഷ്മി പറയുന്നു. "മര്യാദയ്ക്ക് നിവര്‍ന്ന് നില്‍ക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാന്‍ എങ്ങനെയാണ് ആല്‍ബങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്? സംഗീതം ആസ്വദിക്കും എന്നതിനപ്പുറം എനിക്ക് അതില്‍ കഴിവുകളൊന്നുമില്ല." അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നും ലക്ഷ്മി. "അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ സംഭവിക്കില്ലായിരുന്നു," ലക്ഷ്മി പറഞ്ഞവസാനിപ്പിക്കുന്നു.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്കെതിരെ ലക്ഷ്മി നേരത്തേ രംഗത്തെത്തിയിരുന്നു. പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമാണ് ഇവര്‍ നടത്തിയിരുന്നതെന്നും ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
അപകട സമയത്തു ഡ്രൈവർ അർജുൻ തന്നെയാണു വാഹനം ഓടിച്ചത്, ബാലഭാസ്കർ പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുൻ സീറ്റിലാണ് ഇരുന്നത്. സ്വർണക്കടത്തു കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. ബാലഭാസ്കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്.
അവിടെ ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. സംഗീതപരിപാടികൾ ഏകോപിപ്പിക്കുന്നയാൾ ഇതിനിടെ വിദേശത്തു പോയപ്പോൾ തമ്പി ഈ ജോലി ഏറ്റെടുത്തു. തമ്പി ഉൾപ്പെടെ പലരും ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ബാലുവിനു മറ്റു ബന്ധങ്ങളില്ലെന്ന പോസ്റ്റ് ബാലഭാസ്കറിന്റെ ഫെയ്സ് ബുക് പേജിൽ ഇട്ടതു തന്റെ അറിവോടെയാണ്. ബാലുവിന്റെ ഓൺലൈൻ പ്രമോഷൻ ജോലി നടത്തിയിരുന്ന ഏജൻസിയാണ് ഇതു ചെയ്തത്. അപകടത്തെത്തുടർന്നു തനിക്കു ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഏജൻസിയോട് പോസ്റ്റ് ഇടാൻ നിർദേശിച്ചതെന്നും ലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha
























