കാട്ടിലൂടെ നടക്കുന്നതിനിടെ വഴിതെറ്റി... പുഴയോരത്ത് ഒറ്റപ്പെട്ട യുവതി രാത്രിമുഴുവൻ വനത്തിൽ; പിന്നീട് സംഭവിച്ചത്

കൂട്ടംതെറ്റി വനത്തിൽ പുഴയോരത്ത് ഒറ്റപ്പെട്ട യുവതിയെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി. ചാലിയാർ പഞ്ചായത്ത് മൊടവണ്ണ കോളനിയിലെ സിന്ധുവാണ് (39) ആനകളുള്ള പൊക്കോട് വനത്തിൽ ഒറ്റപ്പെട്ടത്. മകനും മാതൃസഹോദരിക്കും ഒപ്പം ചാലിയാറിന്റെ തീരത്തെത്തിയതാണു സിന്ധു. കാട്ടിലൂടെ നടക്കുന്നതിനിടെ വഴിതെറ്റി. മടങ്ങിപ്പോകാൻ മാർഗം കാണാതെ പുഴക്കരയിലെത്തിയ സിന്ധു ഭയന്നുവിറച്ച് മണൽപരപ്പിലിരുന്നു നേരം വെളുപ്പിച്ചു.
ആനകൾ വെള്ളം കുടിക്കാനിറങ്ങുന്ന ഭാഗമാണത്. പുലർന്നതോടെ സഹായം തേടിയുള്ള നിലവിളി മറുകരയിൽ കെഎപിക്യാംപിലെ പൊലീസുകാർ കേട്ടു. അവർ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറും സംഘവും ബോട്ടുമായി അക്കരെ എത്തി രക്ഷപ്പെടുത്തി. അവശയായിരുന്ന യുവതിയെ പൊലീസ് സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
https://www.facebook.com/Malayalivartha

























