വീണ്ടും ഷൈലജ ടീച്ചർ; ടീച്ചറുടെ ഒപ്പം ആളും അമ്പാരിയുമില്ല; പോലീസും പട്ടാളവുമില്ല; ഒരമ്മയുടെ സ്നേഹത്തോടെയും ആശങ്കയോടെയും എറണാകുളത്ത് നിപ്പ ബാധിതനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലും പരിസരത്തും ക്യാമ്പ് ചെയ്ത് മന്ത്രി

വീണ്ടും ഷൈലജ ടീച്ചർ. ഒരമ്മയുടെ സ്നേഹത്തോടെയും ആശങ്കയോടെയും എറണാകുളത്ത് നിപ്പ ബാധിതനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലും പരിസരത്തും ക്യാമ്പ് ചെയ്യുകയാണ് മന്ത്രി. ടീച്ചറുടെ ഒപ്പം ആളും അമ്പാരിയുമില്ല. പോലീസും പട്ടാളവുമില്ല. അകമ്പടി സേവിക്കാൻ പേഴ്സണൽ ജീവനക്കാരില്ല. മൂന്നും നാലും ഫോണുകളില്ല. ആരോഗ്യ മന്ത്രിയാണെന്ന് പറഞ്ഞ് ഡോക്ടർമാരും മറ്റ് ജീവനക്കാരും തന്റെ പിന്നാലെ നടക്കരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നതു കാരണം അത്യാവശ്യം ആരോഗ്യ പ്രവർത്തകർ പോലും മന്ത്രിക്ക് ഒപ്പമില്ല. ഇടയ്ക്ക് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ വന്നു കാണും. തിരുവനന്തപുരത്തുള്ള ആരോഗ്യ വകുപ്പ് ഡയറക്ടറെ എറണാകുളത്തെത്താൻ നിർദ്ദേശിച്ച മന്ത്രി സാധാരണക്കാരിയായ വീട്ടമ്മയെ പോലെ ഗസ്റ്റ് ഹൗസിൽ നിന്നും ആസ്റ്റർ മെഡി സിറ്റിയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു . യാത്രയിൽ ഉടനീളം മന്ത്രി ഡയറക്ടറുമായി ഫോണിൽ സംസാരിക്കുന്നു. ഇതിനിടയിൽ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിക്കുന്നു. ഫോണിൽ വിളിക്കുന്ന സഹപ്രവർത്തകരുമായും സംസാരിക്കുന്നു.
ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിളിക്കുന്ന പത്രപ്രവർത്തകരുമായി മന്ത്രി സംസാരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ നിയന്ത്രിക്കാൻ പോലീസിനെ ചട്ടം കെട്ടുന്നു. മുറിവൈദ്യൻമാരുടെ രംഗ പ്രവേശം തടയാൻ ശക്തമായ നാപടികൾ സ്വീകരിക്കുന്നു. ടീച്ചറായും ഡോക്ടറായും ഒക്കെ ഒരു വേള മാറുന്ന ഷൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾ നോക്കിനിൽക്കുന്നത് പോലും രസകരമാണ്.
നിപ്പയുടെ കഴിഞ്ഞ വർഷത്തെ ആക്രമണത്തെ കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ രേവതിയാണ് ഷൈലജ ടീച്ചറെ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ആദ്യം നിപ്പ കോഴിക്കോടിനെ കടന്നാക്രമിച്ചപ്പോൾ മുമ്പ് ഒരു ആരോഗ്യമന്ത്രിയും കാണിക്കാത്ത ധൈര്യത്തോടെയാണ് ടീച്ചർ ഇടപെട്ടത്. തൊഴിൽ മന്ത്രി ടി പി. രാമക്യഷ്ണന്റെ മണ്ഡലത്തിലായിരുന്നു രോഗത്തിന്റെ തുടക്കം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് ഒരു കുടുംബത്തിലെ നാലുപേരെ സമാന രോഗ ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയത്. മണിപ്പാലിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റ് ഡോ. അരുൺകുമാറാണ് മന്ത്രിയെ അന്നി സഹായിക്കാനെത്തിയത്. അപ്പോള ആശുപത്രിയിലെ ഡോ. ഗഫൂർ അന്ന് കോഴിക്കോട് ഉണ്ടായിരുന്നു. അന്ന് മദ്രാസിലേക്ക് പുറപ്പെടാതിരുന്ന ഡോ. ഗഫൂറിനെ മന്ത്രി പിടിച്ചുനിർത്തി. ഗൂഗിളിൽ തപ്പിയാണ് മന്ത്രി ആദ്യം നിപ്പയുടെ വിശദാംശങ്ങൾ നേടിയത്.
ബോംബിന് സമാനമായ ഒരു രോഗമായിരുന്നു അന്ന് നിപ്പ. പൊട്ടാൻ വെമ്പി നിൽക്കുന്ന ബോംബിനെ നേരിടാൻ നേതൃത്വം നൽകി എന്നതാണ് ഷൈലജ ടീച്ചറുടെ നേട്ടം. കേരളത്തിലെ മന്ത്രിമാർ സാധാരണക്കാരുടെ വിഷയത്തിൽ ഇടപെടാറില്ല. ടീച്ചർ അങ്ങനെയായിരുന്നില്ല. പ്രതിസന്ധികളിൽ നേതൃത്വപരമായ ഇടപെടൽ നടത്താനായി എന്നത് മന്ത്രിയുടെ നേട്ടം തന്നെയാണ്.
മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രദർശിപ്പിക്കാത്ത സ്നേഹം നിറഞ്ഞ ഇടപെടൽ ടീച്ചർ നടത്തുന്നു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെതായ ശൈലിയുണ്ട്. ആരോഗ്യമന്ത്രിക്കും അവരുടെ ശൈലിയുണ്ട്. എല്ലാവരോടും പ്രസാദാത്മകമായി ഇടപെടാൻ കഴിയുന്നു എന്നതാണ് മന്ത്രിയുടെ നേട്ടം. ഒരു പക്ഷേ പിണറായി മന്ത്രിസഭയിൽ ഇത്രയും നന്നായി ഇടപെടുന്ന മറ്റൊരു മന്ത്രി ഉണ്ടോ എന്നു പോലും സംശയമാണ്.
സത്യത്തിൽ ടീച്ചറുടെ കണ്ണാടിയെ ചൊല്ലി വിമർശനം ഉയർത്തിയ മാധ്യമങ്ങൾ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. ടീച്ചറെ പോലൊരാളെ ഇങ്ങനെ വിചാരണ ചെയ്യണമായിരുന്നോ എന്നോർത്ത്...
https://www.facebook.com/Malayalivartha

























