പോലീസുകാരുടെ തപാല്‍ ബാലറ്റില്‍ ക്രമക്കേടു നടന്നതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്

പോലീസുകാരുടെ തപാല്‍ ബാലറ്റില്‍ ക്രമക്കേടു നടന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാക്കി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ക്രമക്കേടു നടത്തിയവരെ കണ്ടെത്താന്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണം. പോലീസ് അസോസിയേഷന് നേതാക്കള്‍ക്കു ക്രമക്കേടില്‍ പങ്കുണ്ടോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണു വിവരം. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
നേരത്തെ ഇന്റലിജന്‍സ് മേധാവി നടത്തിയ പ്രാഥമിക പരിശോധനയില്‍ പോലീസുകാരുടെ തപാല്‍ ബാലറ്റില്‍ ക്രമക്കേടു നടന്നതായി വ്യക്തമാക്കിയിരുന്നു. കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു ക്രൈംബ്രാഞ്ച് നല്കിയ ഇടക്കാല റിപ്പോര്‍ട്ടിലും ക്രമക്കേടു നടന്നതായി സൂചിപ്പിച്ചിരുന്നു. അന്നും വിശദ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
പോലീസുകാരുടെ ബാലറ്റ് അറ്റസ്റ്റ് ചെയ്ത ഗസറ്റഡ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ക്രമക്കേടുമായി ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുകയുള്ളു. നിലവില്‍ പോലീസുകാര്‍ നല്കിയ മൊഴികളില്‍ വൈരുധ്യങ്ങളെറെയുണ്ട്. തപാല്‍ ബാലറ്റ് വാങ്ങിയ പോലീസുകാര്‍ പലരും വോട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ട്, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കു ഡിജിപി കൈമാറിയതായാണു വിവരം.
https://www.facebook.com/Malayalivartha

























