നിപ വൈറസിനെതിരായ പ്രതിരോധ മരുന്ന് നാളെ എത്തിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍; നിപ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; നിപ സ്ഥിരീകരിച്ച ഒരു യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍

നിപ വൈറസിനെതിരായ പ്രതിരോധ മരുന്ന് നാളെ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. നിപ സ്ഥിരീകരിച്ച ഒരു യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ യുവാവിനെ ചികിത്സിച്ചവരും ഒരാള്‍ സഹപാഠിയുമാണ്.
പറവൂര്‍ സ്വദേശിയായ യുവാവില്‍ മാത്രമാണ് നിപ ബാധ സ്ഥീരീകരിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ സാമ്പിള്‍ നാളെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളിലുള്ളവരാണ് നിരീക്ഷണ ലിസ്റ്റിലുള്ളത്. രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവര്‍, സംശയിക്കപ്പെടാവുന്ന ബന്ധമുണ്ടായിരുന്നവര്‍ എന്നിങ്ങനെ തരംതിരിച്ചാണ് നിരീക്ഷണ ലിസ്റ്റിലുള്ളവരെ പരിശോധിക്കുന്നത്.
ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വകുപ്പുമേധാവികളുടെ യോഗം ചേര്‍ന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം കണ്‍ട്രോള്‍ റൂം വഴി ആയിരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനം, മൃഗസംരക്ഷണം, തൊഴില്‍ വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. നിപ പ്രതിരോധ മരുന്നുകള്‍ നാളെ വിമാന മാര്‍ഗം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























