വീട്ടിലോ കച്ചവട സ്ഥാപനത്തിലോ മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയാലുടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന സംവിധാനം വരുന്നു

വീട്ടിലോ കച്ചവട സ്ഥാപനത്തിലോ മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയാലുടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നു. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയില്‍ ആദ്യം കൊച്ചിയിലാണ് വരുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍, െഡപ്യൂട്ടി കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ് എന്നിവര്‍ പറഞ്ഞു. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും.
ഒരുപക്ഷേ അക്രമികള്‍ മടങ്ങും മുമ്പ് പോലീസിന് അവിടെ എത്തിച്ചേരാന്‍ സാധിക്കും. സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ് സി.ഐ.എം.എസിന് ആവശ്യം. മൊബൈല്‍ ഫോണുകള്‍ പോലെ ജി.എസ്.എം. സംവിധാനത്തിലാണ് വിവരങ്ങള്‍ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകുകയും ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം എത്തുകയും ചെയ്യും. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് കാണാമെന്നതിനാല്‍ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും. ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുമെന്ന് കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി എസ്.പി. ഗോപകുമാര്‍ പറഞ്ഞു. രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 30,000 രൂപയാകും ചെലവെന്ന് കണക്കാക്കുന്നു. കൂടാതെ പ്രതിമാസം 700 2,500 രൂപ വരെ ഫീസ് കെല്‍ട്രോണ്‍ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും.
"
https://www.facebook.com/Malayalivartha

























