ചുരുളഴിയുമ്പോഴും... വിവാദമായ കാറപകടത്തിന്റെ ചുരുളഴിക്കാന്‍ നോക്കും തോറും കൂടുതല്‍ കുരുക്കിലേക്ക്; കാറോടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ക്രൈംബ്രാഞ്ച്; സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആര്‍ടിസി ഡ്രൈവറും പറയുന്നത് വേറൊന്ന്

മനസാക്ഷിയെ ഏറെ ഞെട്ടിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെയും മകളുടെയും ജീവന്‍ കവര്‍ന്ന കാറപകടം. പിടിയിലായ സ്വര്‍ണക്കടത്തുകാര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലാണ് അന്വേണം മറ്റൊരു ദിശയിലായത്. അതിനിടെ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷിക്കുകയും ചില കാര്യത്തില്‍ നിഗമനത്തിലെത്തുകയും ചെയ്തു.
വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ച് എത്തുകയാണ്. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആര്‍ടിസി ഡ്രൈവറും അടക്കമുള്ളവര്‍, കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നാണു മൊഴി നല്‍കിയതെങ്കിലും ബാലഭാസ്‌കറിനെ അപ്പോള്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുന്ന നന്ദു എന്ന സാക്ഷിയുടെ മൊഴി കൂടുതല്‍ വിശ്വസനീയമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിയനുസരിച്ചും കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണ്.
അര്‍ജുന്‍ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റില്‍ കുഞ്ഞിനൊപ്പം താന്‍ ഇരുന്നു എന്നുമാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്‌കര്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് നന്ദുവിന്റെയും മൊഴി. അപകടം നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നു ബന്ധുക്കളെ കൂട്ടി മടങ്ങുകയായിരുന്നു നന്ദു. രക്ഷാപ്രവര്‍ത്തനത്തിലും ഇയാള്‍ പങ്കാളിയായി. കാര്‍ ഓടിച്ചിരുന്നതാരെന്നു വ്യക്തമാക്കുന്ന 2 നിര്‍ണായക തെളിവുകള്‍ക്കായി കാക്കുകയാണ് അന്വേഷണസംഘം. അതിലേറ്റവും പ്രധാനമാണ് ബാലഭാസ്‌കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പില്‍ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍.
എതിര്‍വശത്തെ ഷോപ്പില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേയ്ക്കു മാത്രമേ ഇതില്‍ ദൃശ്യങ്ങളുണ്ടാകൂ. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘം ഇതു ശേഖരിച്ചിരുന്നില്ല. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിലെ ഓരോ സീറ്റില്‍ നിന്നും ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് രണ്ടാമത്തെ തെളിവ്. െ്രെഡവിങ് സീറ്റില്‍ നിന്നുള്ള രക്തക്കറ ആരുടേതെന്നു കണ്ടെത്തിയാല്‍ കാറോടിച്ചത് ആരെന്നും വ്യക്തമാകും.
അത്സമയം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് ആദ്യം അപകടസ്ഥലത്തെത്തിയ സമീപവാസി ദേവദാസന്‍ പറയുന്നു. സംഭവദിവസം രാവിലെ നടക്കാനിറങ്ങുമ്പോഴാണ് വാഹനമിടിക്കുന്ന ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ മാത്രം അടുത്തുള്ള റോഡരികിലെ മഹാഗണി മരത്തില്‍ വാഹനം ഇടിച്ചു നില്‍ക്കുകയായിരുന്നു. പരിസരത്ത് പുക പടര്‍ന്നു. ആദ്യം ഒന്നും കാണാനായില്ല. 10 മിനിറ്റിനുള്ളില്‍ ഹൈവേ പൊലീസ് എത്തി. ഇടിയില്‍ തകര്‍ന്നതിനാല്‍ മുന്നിലെ വാതില്‍ തുറക്കാനായില്ല. വീട്ടില്‍ നിന്ന് പാരയെടുത്ത് കുത്തിയാണ് പുറകിലെ വാതില്‍ തുറന്നത്. ബാലഭാസ്‌കറിനെ പിന്നിലെ സീറ്റിലൂടെയാണ് പുറത്തെടുത്തതെന്നും ദേവദാസന്‍ പറഞ്ഞു.
അപകടത്തില്‍ മറ്റൊരു വാഹനം ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അട്ടിമറിക്കു സാധ്യത കുറവെന്നാണ് വിലയിരുത്തുന്നത്. അപകടം നടന്ന പള്ളിപ്പുറം മേഖലയില്‍ വാഹനാപകടം പതിവാണ്. വേഗത്തില്‍ വളവെടുത്ത് മുന്നോട്ടു വരുമ്പോള്‍ ഇവിടെ നിയന്ത്രണം നഷ്ടപ്പെടാം. പരുക്കുകളുടെ സ്വഭാവം അനുസരിച്ച് നടന്നത് സ്വാഭാവിക അപകടം തന്നെയെന്ന പൊലീസ് നിഗമനം. കാര്‍ അമിതവേഗത്തിലായിരുന്നെന്ന മൊഴിയും വിശ്വാസത്തിലെടുക്കുന്നു.
അതേസമയം അട്ടിമറി സംശയിക്കുന്നതിന്റെ കാരണം പലതാണ്. ബാലഭാസ്‌കറിന്റെ അടുപ്പക്കാരനായ പ്രകാശ് തമ്പി പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടതാണ് അന്നത്തെ സംശയം ബലപ്പെട്ടത്. പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരായിരുന്നെന്നും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള പിതാവിന്റെ ആരോപണവും പ്രസക്തമാണ്. അപകടം നടന്നതിനു പിന്നാലെ പ്രദേശത്ത് ദുരൂഹമായി കാണപ്പെട്ട 2 പേരെക്കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരം നല്‍കിയിരുന്നു. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നും അല്ലെന്നുമുള്ള വ്യത്യസ്ത മൊഴികളുമുണ്ട്. ഉറങ്ങുമ്പോള്‍ പെട്ടെന്നു കാര്‍ വെട്ടിത്തിരിച്ചതിന്റെ പാടുകള്‍ റോഡിലില്ലെന്നതും സംശയം ബലപ്പെടുന്നു. എന്തായാലും ശക്തമായ അന്വേഷണം നടത്താനാണ് ഡിജിപിയുടെ നിര്‍ദേശം. ശക്തമായ അന്വേഷണത്തിലൂടെ വലിയ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.
"
https://www.facebook.com/Malayalivartha

























