ബാലുവെന്നാല്‍ വയലിനാണ്... കാറിലെ വസ്തുക്കള്‍ നീക്കുന്നത് പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്; എങ്ങനെ എനിക്ക് വയലിനുകള്‍ വില്‍ക്കാനാകും? വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്; മനസ് തുറന്ന് ലക്ഷ്മി

വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെയും മകളുടെയും അപകട മരണത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അതിനിടെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അപകട സമയം വാഹനത്തില്‍ കുറച്ച് അധികം സ്വര്‍ണം ഉണ്ടായിരുന്നെന്നായിരുന്നു വെന്നും ബാലുവിന് പ്രിയപ്പെട്ട വയലിന്‍ വിറ്റുവെന്നാണ് പ്രചരണം. എന്നാല്‍ ഇത് തികച്ചും തെറ്റാണെന്ന് ലക്ഷ്മി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
കാറിലെ വസ്തുക്കള്‍ നീക്കുന്നത് പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. 25 പവനില്‍ താഴെയുള്ള സ്വര്‍ണമേ തനിക്കുള്ളൂ. വളരെ കനം കുറഞ്ഞ ആഭരണങ്ങള്‍ മാത്രമാണ് താന്‍ ധരിക്കാറുള്ളത്. അതില്‍ ചിലതാണ് കൈവശം ഉണ്ടായിരുന്നത്.ലക്ഷ്മി പറഞ്ഞു.
സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി. പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങള്‍ ഓരോ ചെറിയ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്. അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞാനേയുള്ളൂവെന്ന് ലക്ഷ്മി പറഞ്ഞു.
അതേ സമയം ബാലഭാസ്‌കറിന്റെ അപകടത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. അതില്‍ പ്രധാനമാണ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജിയുടെ മൊഴി. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ തന്റെ കണ്‍മുന്നില്‍ വെച്ച് അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലിലാണ് അജി. അജി ഓടിച്ചിരുന്ന ബസ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നിലുണ്ടായിരുന്നു.
ബാലഭാസ്‌കറിന്റെ ഇന്നോവയും മറ്റൊരു കാറും ആറ്റിങ്ങല്‍ മുതല്‍ താന്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്നുവെന്ന് അജി പറയുന്നു. ബസിന് 150 മീറ്ററോളം മുന്നിലായിരുന്നു ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍. അതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാര്‍. പള്ളിപ്പുറത്ത് വളവ് കഴിഞ്ഞതോടെ ഇന്നോവ വലത്തോട്ട് നീങ്ങി, ദിശ തെറ്റി റോഡിന്റെ വലതുവശത്തേക്ക് ഇറങ്ങി മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ പുക ഉയര്‍ന്നു.
അപകടം കണ്ട് ഞെട്ടിയ അജി ബസ് മുന്നോട്ട് നീക്കി നിര്‍ത്തി കണ്ടക്ടര്‍ തിരൂര്‍ സ്വദേശി വിജയനൊപ്പം കാറിനരികിലേക്ക് ഓടിയെത്തി. വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ആദ്യം കണ്ടത് കാറിനുള്ളില്‍ ബ്രേക്ക് ലിവറിന് സമീപം കുരുങ്ങിക്കിടന്ന കുഞ്ഞിനെയാണ്. മുന്‍ സീറ്റിലുണ്ടായിരുന്ന സ്ത്രീയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
ബര്‍മുഡ ധരിച്ച ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ക്ക് ബോധമുണ്ടായിരുന്നു. തലയാട്ടി രക്ഷപ്പെടുത്താന്‍ അയാള്‍ കേഴുന്നുണ്ടായിരുന്നു. കാറിന്റെ നടുവിലുള്ള സീറ്റില്‍ കറുത്ത കുര്‍ത്ത ധരിച്ചയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നുണ്ടായിരുന്നുവെന്നും അജി പറയുന്നു. അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌കറാണെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും അജി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























