ലീഗ് നേതാക്കളെ രക്ഷിക്കാൻ വിജിലൻസ് ഷാനവാസിന്റെ മരുമകനെ കുരുക്കി; പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് രക്ഷപ്പെടുത്തി

ലീഗ് നേതാവും മുൻമന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ സർക്കാർ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മരുമകനെ കുരുക്കി. പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് രക്ഷപ്പെടുത്തി . സർക്കാർ ഉന്നതരുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയായിരുന്നു വിജിലൻസിന്റെ നീക്കം.
അന്തരിച്ച എം ഐ ഷാനവാസിന്റെ മരുമകനും ഐ എ എസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഹനീഷിന്റെ തലയിൽ അഴിമതിയെല്ലാം കെട്ടിവയ്ക്കാനാണ് വിജിലൻസ് ശ്രമിച്ചത്. രാഷ്ട്രീയക്കാർ അറിയാതെ ഒരു ഉദ്യോഗസ്ഥൻ അഴിമതിയെല്ലാം നടത്തി എന്നു പറഞ്ഞാൽ അത് അദ്ഭുതം തന്നെയാണ്. അതും യു ഡി എഫ് സർക്കാരിന്റെ കാലത്ത്.
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലി കുട്ടിയുടെയും അറിവില്ലാതെ പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ ഒരു ഈച്ച പോലും അനങ്ങുമായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വാഭാവികമായും ഉണ്ടായ അഴിമതി പരമ്പര പാലാരിവട്ടത്തിന്റെ നിർമ്മാണത്തിലും സംഭവിച്ചിട്ടുണ്ട്. ഇടത് സർക്കാരിൽ ജി.സുധാകരൻ മന്ത്രിയായതോടെ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് വിജിലൻസ് അന്വേഷണം നടന്നത്. പൊതുമരാമത്ത് വകുപ്പ് അതിനു മുമ്പ് വരെ ഭരണാധികാരികളുടെ കറവപശുവായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലീഗാണ് പൊതുമരാമത്ത് ഭരിച്ചിരുന്നത്. കോൺഗ്രസുകാർക്ക് പോലും എടുത്തു പറയത്തക്ക റോൾ ഉണ്ടായിരുന്നില്ല. വിജീലൻസിന് മന്ത്രി സുധാകരൻ പൂർണമായ സ്വാതന്ത്ര്യമാണ് അനുവദിച്ചിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്ന ആവശ്യം മാത്രമാണ് മന്ത്രി വിജിലൻസ് മേധാവിയോട് ഉന്നയിച്ചിട്ടുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് മന്ത്രി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ നടപടികൾക്ക് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചില്ല. വിദേശത്ത് നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി രാഷ്ട്രീയക്കാരെ ഒഴിവാക്കി അന്വേഷണം നടത്താൻ നിർദ്ദേശം നൽകി.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ, നിർമ്മാണം നടത്തിയ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. 2014 ൽ പാലം നിർമ്മിക്കുമ്പോൾ എ. പി. എം മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എം.ഡി. അദ്ദേഹത്തിലക്കും അന്വേഷണം നീണ്ടു . കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹനീഷ് മുഹമ്മദ്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു വൻകിട പദ്ധതി നടപ്പിലാക്കുമ്പോൾ അതിൽ ഐ. എ. എസ്. ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് റോളെന്നും ഉണ്ടായിരുന്നില്ല . നിലവിൽ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലത്തിന്റെ കോൺക്രിറ്റ് സാമ്പിളും കമ്പികളും വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
പാലാരിവട്ടം മേൽപാലത്തിൽ കോടികളാണ് മറിഞ്ഞതെന്ന ആരോപണം ശക്തമാണ്. അക്കാലത്ത് നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും പണം മറിഞ്ഞിരുന്നു. എന്നാൽ അതിൽ രാഷ്ട്രീയക്കാർക്കായിരുന്നു പങ്ക്. നിർമ്മാണം നടത്തുന്ന കമ്പനികളെല്ലാം അന്ന് കാണേണ്ടവരെ കാണേണ്ടത് പോലെ കണ്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശബ്ദമായി നടത്തിയ അഴിമതികളിൽ പ്രധാനപ്പെട്ടതാണ് പൊതുമരാമത്തിലേത്.
ഇബ്രാഹിംകുഞ്ഞ് സംസ്ഥാന സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേർക്ക് ആരോപണത്തിന്റെ കുന്തമുന ഉയരുമെന്ന് എല്ലാവരും കരുതിയിരുന്നു. ഉദ്യോഗസ്ഥരുടെ തലയിൽ ചാരി രാഷ്ട്രീയക്കാർ രക്ഷപ്പെടാറാണ് പതിവ്. പാലാരിവട്ടത്തിലും ഇതു തന്നെ സംഭവിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്.
https://www.facebook.com/Malayalivartha

























