യൂണിയന്‍ നേതാവിന്റെ ജോലി തട്ടിപ്പ് പിണറായി ഇതൊന്നും കാണുന്നില്ലേ; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഇടതു യൂണിയൻ നേതാവിനെ പിടികൂടാതെ ശ്രീകാര്യം പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഇടതു യൂണിയൻ നേതാവിനെ പിടികൂടാതെ ശ്രീകാര്യം പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം. മകന് ആരോഗ്യവകുപ്പിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്തു ഭിന്നശേഷിക്കാരനായ റിട്ട. നഴ്സിങ് അസിസ്റ്റന്റിൽ നിന്നു 21 ലക്ഷം രൂപ തട്ടിച്ച കേസിൽ പ്രതിയാണ് ഇടതു യൂണിയൻ നേതാവ്. കോടതി ഇടപെടലിനെ തുടർന്നു പൊലീസ് കേസ് എടുത്തു മൂന്നു മാസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടിയില്ല. മെഡിക്കൽകോളജ് ആശുപത്രിയിലെ റിട്ട.ജീവനക്കാരനായ ചെമ്പഴന്തി ഉദയഗിരി അരുൺ ഭവനിൽ രാജനാണു പരാതിക്കാരൻ.
പ്രതി ഒളിവിലെന്നാണു പൊലീസ് പറയുന്നുണ്ടെങ്കിലും ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്കൻഡ് ഗ്രേഡ് അറ്റൻഡർ ആയ ഇയാൾ ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിച്ചു. പ്രതിക്ക് ഇപ്പോൾ കോടതി ജാമ്യവും നിഷേധിച്ചിരിക്കുകയാണ്.
തന്റെ മകന് ആരോഗ്യ വകുപ്പിലെ ക്ലറിക്കൽ പോസ്റ്റിൽ ജോലി നൽകാമെന്നു പറഞ്ഞ് ബാലരാമപുരം സ്വദേശിയായ നേതാവും ഇദ്ദേഹത്തിന്റെ ബന്ധുവായ യുവതിയും ചേർന്നു പണം തട്ടിയെന്നാണു രാജന്റെ പരാതി. രാജൻ പറയുന്നത് ഇങ്ങനെ :
ആരോഗ്യവകുപ്പിലെ ഉന്നതരുമായി യൂണിയൻ നേതാവിന് അടുത്ത ബന്ധുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണു പണം നൽകിയത്. ഇയാളുടെ ബന്ധുവെന്നു പരിചയപ്പെടുത്തിയ സ്ത്രീക്ക് ആരോഗ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി നല്ല അടുപ്പമാണെന്നു പറഞ്ഞു. പണം നൽകിയാൽ ആറുമാസത്തിനകം നിയമനമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഗഡുവായി 10 ലക്ഷം നൽകി. പിന്നീട് കാണുമ്പോഴെല്ലാം നിയമനം ഉടൻ ഉണ്ടാകുമെന്നും ബാക്കി തുക റെഡിയല്ലേയെന്നും ഇയാൾ ചോദിക്കും. പിന്നീടു രണ്ടു തവണയായി 11 ലക്ഷം രൂപ കൂടി നൽകി. പണം വാങ്ങുമ്പോഴെല്ലാം പ്രതിക്കൊപ്പം യുവതിയും ഉണ്ടായിരുന്നു. മുൻപരിചയം ഉള്ളതിനാൽ രേഖാമൂലം ഒന്നും എഴുതി വാങ്ങിയില്ല.
30 വർഷത്തെ സമ്പാദ്യമായിരുന്നു ഈ തുക. തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചപ്പോൾ മകനെ പീഡനക്കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി. തട്ടിപ്പു സംബന്ധിച്ചു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ മൂന്നു തവണ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഒടുവിൽ കോടതി ഇടപെട്ടതോടെയാണു പൊലീസ് കേസെടുത്തത് .
https://www.facebook.com/Malayalivartha

























