കെ.മുരളീധരന്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ മൂന്ന് മുന്നണികളും കളി തുടങ്ങി

കെ.മുരളീധരന്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ മൂന്ന് മുന്നണികളും കളി തുടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. സി.പി.എം അന്ന് വോട്ട് മറിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പിക്ക് രണ്ട് എം.എല്‍.എമാരെ ലഭിച്ചേനെ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. കുമ്മനം രാജശേഖരന്‍ തന്നെ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം തിരുവനന്തപുരത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരമാണ് രാജിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
പക്ഷെ, വലിയ പരാജയമാണ് നേരിട്ടത്. അതിനാല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് അദ്ദേഹത്തെ എങ്ങനെയും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രിസഭയിലേക്ക് കുമ്മനത്തെ എടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും കേന്ദ്രനേതൃത്വവുമായി ഏറെ അടുപ്പമുള്ള വി.മുരളീധരന്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്‍എസ്എസിന്റേതാവും. കുമ്മനമല്ലെങ്കില്‍ ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ളവര്‍ക്കും സാധ്യതയുണ്ട്. പ്രവര്‍ത്തകരെല്ലാം കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ആഗ്രഹിക്കുന്നത്.
കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒപ്പം നിന്നാണ് രണ്ടാം തവണയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രാഷ്ട്രീയത്തിന് അതീതമായി മുരളീധരന്‍ മണ്ഡലത്തില്‍ സ്വീകാര്യതയുണ്ടായിരുന്നു. അദ്ദേഹത്തിന് പകരക്കാരന്‍ ആര് എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ഒരുപാട് നേതാക്കന്‍മാര്‍ സ്ഥാനാര്‍ത്ഥി കുപ്പായം മോഹിച്ച് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് യാതൊരു വിവരവുമില്ല. മുരളിയെ പോലെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ജില്ലയില്‍ അതുപോലുള്ള നേതാക്കളില്ലാത്തതിനാല്‍ പുറത്ത് നിന്നുള്ളവരെ മത്സരിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാലത് പാളയത്തില്‍ പടയൊരുക്കത്തിന് ഇടയാക്കിയേക്കും. ബി.ജെ.പിക്ക് വോട്ട് മറിക്കാനും അല്ലെങ്കില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിന് വോട്ട് ചെയ്യാനും സാധ്യതയുണ്ട്.
സി.പി.എമ്മിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ ടി.എന്‍ സീമയും അതിനും മുമ്പ് ചെറിയാന്‍ ഫിലിപ്പും ദയനീയമായാണ് പരാജയപ്പെട്ടത്. അതിനാല്‍ ഇത്തവണ എങ്ങനെയും മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയില്‍ നിന്ന് എങ്ങനെയും കരകയറണമെന്നത് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഉറപ്പാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അടക്കം മണ്ഡലത്തില്‍ എത്തിച്ച് പ്രചാരണം നടത്താനുള്ള പരിപാടികള്‍ എല്‍.ഡി.എഫ് തുടങ്ങിക്കഴിഞ്ഞു. മുന്നണി യോഗം കൂടി വട്ടിയൂര്‍ക്കാവ് അടക്കമുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലുള്ള തന്ത്രങ്ങള്‍ താമസിക്കാതെ മെനിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ശബരിമല വിഷയമാണെന്ന് ഘടകക്ഷികളടക്കം ആരോപണം ഉന്നയിച്ച് കഴിഞ്ഞു. അതിനാല്‍ അതിനെ എങ്ങനെ മറികടക്കാമെന്നാണ് സി.പി.എം ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha

























