ആദ്യം ആശ്രിതരായി, ഇന്നലെ അവരെ അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി, സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 70 ബാല്യങ്ങള്‍ സ്‌കൂളിലേക്ക്...

ആദ്യം അനാഥ ബാല്യങ്ങളുടെ ആശ്രിതരായി, ഇന്നലെ അവരെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിച്ചു. അതിന്റെ ആഹഌദം പറഞ്ഞറിയിക്കാന്‍ സംസ്ഥാന ശിശുക്ഷേമസമിതിക്കും ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനും കഴിയുന്നില്ല. സമിതിയുടെ കീഴിലുള്ള ആറ് ദത്തെടുക്കല്‍- ശിശുപരിചരണ കേന്ദ്രങ്ങളിലെ 70 കുരുന്നുകളാണ് ഇന്നലെ ഒന്നാം ക്ലാസിന്റെ പടികയറിയത്. ആയമാരുടെയൊപ്പം ചിരിച്ചും കളിച്ചും ചിണുങ്ങിയും കുഞ്ഞുമക്കള്‍ സമിതികളുടെ പടിയിറങ്ങിയപ്പോള്‍ ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കും പെരുത്ത് സന്തോഷം. സമിതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുട്ടികള്‍ ഒരു അധ്യായന വര്‍ഷം സ്‌കൂളില്‍ പോകുന്നത്. മറ്റ് കുട്ടികളെ പോലെ തന്നെ യാതൊരു കുറവും ഇല്ലാതെയാണ് ഇവരെയും അധികൃതര്‍ പഠിക്കാന്‍ വിടുന്നത്.
തിരുവനന്തപുരം (18), കൊല്ലം (ആറ്), പത്തനംതിട്ട (15) , ആലപ്പുഴ (15), എറണാകുളം (അഞ്ച്), മലപ്പുറം (11 ) കേന്ദ്രങ്ങളിലെ കുട്ടികളാണ് തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ വളര്‍ത്തമ്മമാരോടൊപ്പം കാല്‍നടയായി പോയത്. സമിതിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്ന് തൊട്ടടുത്ത തൈക്കാട് മോഡല്‍ സ്‌കൂളിലേക്ക് ജനറല്‍ സെക്രട്ടറി ദീപക്.എസ്.പി ദീപക്കും കുട്ടികള്‍ക്കൊപ്പം കൂട്ടായി പോയി. തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന് നഴ്‌സറിയിലേക്ക് അഭിജിത്ത് , മുഹമ്മദ് അസ്‌ലം, സാമുവേല്‍, അക്ഷയന്‍, ശക്തി, അദൈ്വത്, വിഘ്‌നേഷ്, സുജിത്ത് , ദിയ ഫാത്തിമ , നിള എന്നിവരും ഒന്നാം ക്ലാസിലേക്ക് മായയും അഖിലും രണ്ടാം ക്ലാസ്സിലേക്ക് ബിജു, മണിയമ്മ, അഭിനവ് , നാസിര്‍ അലി, .സമീര്‍ എന്നിവര്‍ ഇന്നലെ രാവിലെ 8.45 നു സമിതി അങ്കണത്തില്‍ നിന്ന് പുതിയ ഉടുപ്പണിഞ്ഞ്, ബാഗ് തോളിലിട്ട് കുട ചൂടി പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ആയമാരുടെ കണ്ണുകള്‍ നിറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്ന് ഇത്രയും കുട്ടികള്‍ ആദ്യമായാണ് സ്‌കൂളില്‍ പോകുന്നതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ട പുസ്തകങ്ങളും ബുക്കും സ്‌ളേറ്റും അടക്കം സമിതി വാങ്ങിക്കൊടുത്തിരുന്നു.
ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ വഴിയും മറ്റ് പല കേന്ദ്രങ്ങള്‍ വഴിയുമാണ് ഈ അനാഥബാല്യങ്ങള്‍ സമിതിയുടെ പരിചരണ കേന്ദ്രങ്ങളില്‍ എത്തിയത്. എല്ലാ കേന്ദ്രങ്ങളോടും ചേര്‍ന്നുള്ള നഴ്‌സറികളില്‍ നിന്ന് ലഭിച്ച പാഠ്യ, പാഠ്യേതര പഠനം കഴിഞ്ഞാണ് സര്‍ക്കാര്‍ സ്‌കൂള്‍ എന്ന വലിയ ലോകത്തേക്ക് ഇവര്‍ ചുവട് വെച്ചത്. ഇതോടൊപ്പം ശിശുക്ഷേമ സമിതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നായി നൂറിലധികം കുട്ടികള്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഈ അധ്യായന വര്‍ഷം പഠനം നടത്തും. സംസ്ഥാനത്ത് ശിശുസൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ച സമിതി കുട്ടികളുടെ വിദ്യാഭ്യാസ അവകാശവും സംരക്ഷിക്കാനുള്ള പരിപാടികള്‍ക്ക് ഇക്കൊല്ലം കൂടുതല്‍ പ്രാധാന്യം നല്‍കി.
https://www.facebook.com/Malayalivartha

























