ചോരകക്കി വനമേഖലയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കാട്ടാന ആക്രണം

മൂഴിയാറിലേക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനെ ചോരകക്കി വനമേഖലയിൽ കാട്ടാന ആക്രമിച്ചു. ആർക്കും പരിക്കില്ല. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് മൂഴിയാറിനു സമീപം കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്നും ഉച്ചകഴിഞ്ഞ് 3.30നു തിരിച്ച് രാത്രി 8.30നു മൂഴിയാർ എത്തുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ ആർപിഎ 354-ാം നന്പർ ബസിനു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മൂഴിയാർ എത്തുന്നതിന് തൊട്ടു മുൻപ് ചോരകക്കി വനമേഖലയിൽ കുട്ടിയോടൊപ്പം റോഡിൽ നിൽക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയും തുമ്പിക്കൈകൊണ്ട് മുൻഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഡ്രൈവര്‍ മനോജ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
തുടർന്ന് റോഡിൽ നില ഉറപ്പിച്ച ആന കാട്ടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോൾ ബസ് മുന്നോട്ട് എടുത്ത് മൂഴിയാറിൽ എത്തിച്ചു. ആക്രമണ സമയത്ത് ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























