സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തിടുക്കപ്പെട്ട് ശബരിമല യുവതീപ്രവേശനം നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സി.പി.ഐ

സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തിടുക്കപ്പെട്ട് ശബരിമല യുവതീപ്രവേശനം നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിയതിനാല്‍ യുവതീപ്രവേശം ഒഴിവാക്കണമായിരുന്നു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം ഒരു വിഭാഗം വോട്ടര്‍മാരെ മുന്നണിയില്‍ നിന്ന് അകറ്റി. വനിതാമതിലിന്റെ അടുത്ത ദിവസം രണ്ട് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് വലിയ തിരിച്ചടിയായി. അത് ഒഴിവാക്കാമായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇതോടെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോരിന് വീണ്ടും കാഹളം മുഴുകി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റിലും സി.പി.ഐ പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം അവരുടെ കൈവശമായിരുന്ന തിരുവനന്തപുരത്ത് മൂന്നാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്തു. അതോടെ വലിയ നിരാശയിലാണ് നേതൃത്വം. സര്‍ക്കാര്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വോട്ടാക്കിമാറ്റാന്‍ കഴിയാതിരുന്നത് ശബരിമല യുവതീപ്രവേശനം കൊണ്ടുമാത്രമാണ്. മുന്നണിക്ക് പരമ്പരാഗതമായി വോട്ട് ചെയ്തിരുന്ന എന്‍.എസ്.എസ് അടക്കമുള്ള ഹൈന്ദവരുടെ വോട്ടുകള്‍ ഇത്തവണ നഷ്ടപ്പെട്ടു. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സുകുമാരന്‍ നായര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ച സ്ഥിതി വരെ ഉണ്ടായി. എന്നിട്ടും പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം പാര്‍ട്ടി നേതൃത്വം സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ശബരിമല വിഷയം കാരണം അടൂര്‍, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചതിനാല്‍ ആദ്യമേ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. സി.പി.ഐയ്ക്ക് സ്വാധീനമുണ്ടായിരുന്ന കൊല്ലത്ത് പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് എം. മുകേഷ് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മോശമായതും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും ആക്ഷേപമുണ്ട്. ബാലകൃഷ്ണപിള്ളയേയും ഗണേഷ്‌കുമാറിനെയും മുന്നണിയിലെടുത്തിട്ടും കാര്യമായ ഗുണമില്ലെന്നും കൊല്ലത്തെ സി.പി.ഐക്കാര്‍ ആരോപിക്കുന്നു.
അതേസമയം സറ്റിംഗ് എം.പി സി.എന്‍ ജയദേവനെ മാറ്റി രാജാജി മാത്യുവിനെ മത്സരിപ്പിച്ചത് കൊണ്ടാണ് തൃശൂരില്‍ പരാജയം ഇരന്ന് വാങ്ങേണ്ടിവന്നതെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ജയദേവനെ മാറ്റുന്നതില്‍ കെ.പി രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളും മത്സരിച്ചു. പ്രളയകാലത്ത് രാജേന്ദ്രന്റെ ബന്ധുക്കള്‍ തന്നെ ജയദേവന്‍ എം.പിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. മാത്രമല്ല സി.പി.എമ്മിന്റെ പിന്തുണ വേണ്ടത്ര മണ്ഡലത്തില്‍ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം മണ്ഡലത്തിലും ഇതേ ആക്ഷേപമാണ് പ്രവര്‍ത്തകരും നേതാക്കളും ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha

























